തപാല്‍ വോട്ട് തിരുത്തിയത്് വെളിപ്പെടുത്തല്‍; ജി.സുധാകരനെതിരെ പൊലീസ് കേസെടുത്തു

തപാല്‍ വോട്ട് തിരുത്തിയത്് വെളിപ്പെടുത്തല്‍; ജി.സുധാകരനെതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴ: തപാല്‍ വോട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന വെളിപ്പെടുത്തലില്‍ സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ കേസെടുത്ത് പൊലീസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. 1989 ഇല്‍ കെ വി ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിലാണ് കേസ്. ഐപിസി, ജനപ്രാതിനിധ്യ നിയമങ്ങള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ജി സുധാകരന്‍ പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം നടത്തിയെന്ന പ്രസ്താവന തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ സുധാകരന്‍ തന്റെ പ്രസ്താവന തിരുത്തുകയായിരുന്നു. വിവാദ പരാമര്‍ശം തിരുത്തിയാണ് അമ്പലപ്പുഴ തഹസില്‍ദാര്‍ക്കും മൊഴി നല്‍കിയത്. എന്നാല്‍ അപ്പോഴും വിവാദ പ്രസംഗത്തിന്റെ വീഡിയോ തെളിവായി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ തുടരുമെന്നാണ് സൂചന.

ഇതിനിടെ, 1989 ലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെവി ദേവദാസ് ജി സുധാകരനെ തള്ളി രംഗത്തെത്തി. പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ജി സുധാകരന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടതെന്നും കെവി ദേവദാസ് പ്രതികരിച്ചു. ഇടതുപക്ഷ അധ്യാപക സംഘടന നേതാവായിരുന്ന കെ വി ദേവദാസ് 18000 വോട്ടിനാണ് വക്കം പുരുഷോത്തമനോട് അന്ന് തോല്‍ക്കുന്നത്. 36 വര്‍ഷം മുന്‍പത്തെ സംഭവമായതിനാല്‍ തെളിവുകള്‍ കണ്ടെത്തുക പ്രയാസമാകുമെന്നും വിശദമായ അന്വേഷണം വേണ്ടി വരുമെന്നുമാണ് പൊലീസ് കരുതുന്നത്.

 

തപാല്‍ വോട്ട് തിരുത്തിയത്് വെളിപ്പെടുത്തല്‍;
ജി.സുധാകരനെതിരെ പൊലീസ് കേസെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *