കോഴിക്കോട്: ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന 21-ാമത് പുസ്തകോത്സവം 16 മുതല്‍ 19 വരെ വി.കെ.ബാലന്‍ മാസ്റ്റര്‍ നഗറില്‍(ഇഎംഎസ് സ്‌റ്റേഡിയം കോഴിക്കോട്) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 16ന് കാലത്ത് 10.30ന് മേയര്‍ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ചന്ദ്രന്‍.കെ.പയിമ്പ്രയുടെ ‘ഒരു സ്വപ്‌നത്തിന്റെ അന്ത്യം’ കഥാ സമാഹാരം ചടങ്ങില്‍വെച്ച് പ്രകാശനം ചെയ്യും. പ്രശസ്ത എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി മുഖ്യാതിഥിയാവും. ഗ്രന്ഥശാലകള്‍ക്കും പുസ്തക പ്രേമികള്‍ക്കും ആകര്‍ഷകമായ വിലക്കുറവില്‍ എല്ലാവിധ പുസ്തകങ്ങളും ലഭ്യമാവുന്ന സൗകര്യമാണ് പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസങ്ങളിലും സാഹിത്യ-സാംസ്‌കാരിക – കലാ പരിപാടികള്‍ പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും. 19ന് കാലത്ത് 11 മണിക്ക് നടക്കുന്ന സമാപന സമ്മേളനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളന്ത്തില്‍ പ്രസിഡന്റ് ഡോ.കെ.ദിനേശന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന ജോ.സെക്രട്ടറി കെ.ചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി എന്‍.ഉദയന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.