കണ്ണൂര്‍: രാജ്യത്ത് ഗുരുതര പ്രശ്‌നം നിലനില്‍ക്കുമ്പോള്‍ അതിനെ എങ്ങനെ നേരിടുമെന്നും ഏതു രീതിയില്‍ സജ്ജമാകണമെന്നും മന്ത്രിസഭാ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനത്തിന് ഇന്ത്യ ഉചിതമായ മറുപടിയാണു നല്‍കുന്നത്. രാജ്യത്തിനൊപ്പം ജനം ഒറ്റക്കെട്ടായി അണിനിരക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. പാക്കിസ്ഥാന്റെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണു പ്രതിരോധിക്കുന്നത്. നമ്മുടെ പരമാധികാരത്തെ പോറല്‍ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അയല്‍വാസികളുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, എന്നാല്‍ വിപരീതദിശയിലാണ് പാകിസ്താന്‍ ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.എങ്ങോട്ടേക്കാണ് ഇതു പോകുന്നതെന്നു പറയാന്‍ പറ്റാത്ത സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.