ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരണവുമായി ലോകരാജ്യങ്ങള്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.ആണവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനപരമായ പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മാര്‍ക്ക് റൂബിയോയുമായി സംസാരിക്കുകയും ഇന്ത്യ സ്വീകരിച്ച സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
‘സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ ഇസ്രയേല്‍ പിന്തുണയ്ക്കുന്നു.നിരപരാധികള്‍ക്കെതിരെ പാക്കിസ്ഥാന്‍ ഭീകരര്‍ നടത്തിയ ഹീനമായ കുറ്റകൃത്യങ്ങളില്‍ നിന്ന് അവര്‍ക്ക് ഒരിക്കലും ഓടിയൊളിക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ അറിയിച്ചു.
പ്രാദേശിക, രാജ്യാന്തര സമാധാനത്തിനു ഭീഷണിയായേക്കാവുന്ന സംഘര്‍ഷം ഒഴിവാക്കണമെന്നും സംയമനം പാലിക്കണമെന്നും യുഎഇ വിദേശകാര്യ ഉപപ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും പരമാവധി സൈനിക സംയമനം പാലിക്കണം. നിയന്ത്രണ രേഖയ്ക്കും രാജ്യാന്തര അതിര്‍ത്തിക്കും അപ്പുറമുള്ള ഇന്ത്യന്‍ സൈനിക നടപടികളില്‍ വളരെയധികം ആശങ്കയുണ്ടെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു സൈനിക ഏറ്റുമുട്ടല്‍ ലോകത്തിനു താങ്ങാനാവില്ലെന്നും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ ഗുട്ടെറസ് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ ജമ്മു കശ്മീരിലെയും ഒന്‍പത് ഭീകരപരിശീലന കേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ഇതോടെയാണ് സമാധാന ആഹ്വാനവുമായി വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയത്. ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 8 പേര്‍ കൊല്ലപ്പെട്ടതായാണ് പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിരിക്കുന്നത്.