ചരിത്ര നിമിഷം; വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിച്ചു

ചരിത്ര നിമിഷം; വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷന്‍ ചെയ്തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നല്‍കുമെന്നും വ്യക്തമാക്കി.

രാജ്യത്തിന്റെ തുറമുഖ നഗരങ്ങള്‍ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനൊപ്പം ചേര്‍ന്ന് വിഴിഞ്ഞം തുറമുഖ വികസനം കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തും. ഞാന്‍ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം ഗൗതം അദാനി കേരളത്തില്‍ നിര്‍മിച്ചതിന് ഗുജറാത്തുകാര്‍ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ കുത്തി അദാനിയെ പുകഴ്ത്തിയാണ് മോദി പ്രസംഗിച്ചത്. ഇന്ത്യ സംഖ്യത്തിലെ പ്രധാന നേതാവായ പിണറായിയും ശശി തരൂരും ഇവിടെ ഉണ്ട്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പറയുന്നു, അദാനി തങ്ങളുടെ പങ്കാളിയാണെന്ന്. ഇതാണ് മാറ്റമെന്ന് സ്വാഗത പ്രാസംഗികനായ വിഎന്‍ വാസവന്റെ പ്രസംഗത്തിലെ പരാമര്‍ശം ചൂണ്ടി പ്രധാനമന്ത്രി പരിഹസിച്ചു. സ്വകാര്യ നിക്ഷേപത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സ്വാഗതം ചെയ്യുന്നത് നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ബൈപ്പാസും ആലപ്പുഴ ബൈപ്പാസും കേന്ദ്ര സര്‍ക്കാര്‍ അതിവേഗം പൂര്‍ത്തിയാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രപദ്ധതികളിലൂടെ കേരളത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കി. മത്സ്യത്തൊഴിലാളികള്‍ക്കും പ്രാഥമിക പരിഗണ നല്‍കി. നമ്മുടെ കേരളത്തില്‍ ആളുകള്‍ സൗഹാര്‍ദത്തോടെ ജീവിക്കുന്നു. മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതിയും മന്ത്രി ജോര്‍ജ്ജ് കുര്യനും പങ്കെടുത്തു. പലതവണ തനിക്ക് മാര്‍പ്പാപ്പയെ കാണാന്‍ അവസരം കിട്ടി. അദ്ദേഹത്തിന്റെ പ്രത്യേക സ്‌നേഹം അനുഭവിക്കാനായി. നമുക്ക് ഒരുമിച്ച് കേരളം പടുത്തുയര്‍ത്താം. ജയ് കേരളം, ജയ് ഭാരത് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വിഎന്‍ വാസവന്‍, എംപിമാരായ ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എ എം വിന്‍സന്റ്, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎല്‍എമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആര്‍പ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടമാണ് വിഴിഞ്ഞം കമ്മീഷനിങ് എന്ന് പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രം വായ്പയായി നല്‍കിയ വിജിഎഫ് ഫണ്ട് മാത്രമാണ് കേന്ദ്ര വിഹിതമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി മോദിയെ വേദിയിലിരുത്തി കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമെന്ന് പറഞ്ഞ അദ്ദേഹം, അങ്ങനെ അതും നമ്മള്‍ നേടി എന്ന് വ്യക്തമാക്കി. തന്റെ പ്രസംഗത്തില്‍ എവിടെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ച് പരാമര്‍ശിച്ചില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *