വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുത്തത് എം.വി.രാഘവന്‍

വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുത്തത് എം.വി.രാഘവന്‍

ജി.നാരായണന്‍കുട്ടി മാസ്റ്റര്‍
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഭാരതത്തിന്റെയും, കേരളത്തിന്റെയും രാഷ്ട്രീയ നേതൃത്വങ്ങള്‍ വലിയ തോതില്‍ പ്രചരണം സംഘടിപ്പിച്ചുകൊണ്ട് ഇന്ന് വിഴിഞ്ഞത്ത് വെച്ച്് അന്തര്‍ദേശീയ തുറമുഖം കമ്മീഷന്‍ ചെയ്യുമ്പോള്‍, ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ സ്മരിക്കപ്പെടേണ്ട നാമമാണ് സംസ്ഥാന സഹകരണ-തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി.രാഘവന്റേത്.
തിരുവിതാംകൂര്‍ മഹാരാജാവാണ്  ഈ തുറമുഖത്തിന്റെ സാധ്യതകള്‍ ആദ്യമായി പഠിച്ചതും ബ്രീട്ടീഷുകാരോട് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് തുറമുഖത്തിന്റെ  അനന്ത സാധ്യതകള്‍ പുറം ലോകത്തെത്തിച്ചത്. ബ്രിട്ടീഷുകാരുടെ വേണ്ട വിധത്തിലുള്ള സഹായ സഹകരണമില്ലാതെ പദ്ധതി മുന്നോട്ട് കൊണ്ട്‌പോവാനായില്ല. പിന്നീട് ഐക്യ കേരളം സ്ഥാപിതമായതിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിമാരായിരുന്ന അച്യുതമേനോനും കെ.കരുണാകരനുംഈ തുറമുഖത്തിന്റെ  സാധ്യതകള്‍ പരിശോധിച്ചെങ്കിലും അതൊന്നും വേണ്ടവിധം നടപ്പിലാക്കിയെടുക്കാന്‍ അവര്‍ക്കും സാധിച്ചില്ല. ഏറ്റവുമൊടുവില്‍ 2001ല്‍ അധികാരത്തില്‍ വന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍ സഹകരണത്തിന് പുറമെ തുറമുഖ വകുപ്പും എം.വി.രാഘവന് കൈകാര്യം ചെയ്യുകയുണ്ടായി. ഇഇക്കാലത്താണ് സഹകരണ രംഗത്ത് ഗഹാന്‍ രജിസ്‌ട്രേഷന്‍പോലുള്ള കാര്യങ്ങള്‍ എം.വി.ആര്‍ നടപ്പിലാക്കിയത്. അതുവരെ തട്ടുംപുറത്ത് വിശ്രമിക്കുകയായിരുന്ന വിഴിഞ്ഞം പദ്ധതി പ്രൊജക്ട് അദ്ദേഹം പൊടിതട്ടിയെടുത്ത്, സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ.കെ.ജയകുമാറിനെപോലെ പ്രഗല്‍ഭരായ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഒരു പുതിയ പ്രൊജക്ട് ഇക്കാര്യത്തില്‍ നടപ്പിലാക്കാന്‍ അദ്ദേഹം തയ്യാറായി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ ഈ പദ്ധതിക്ക് ലഭിക്കാനും വകുപ്പ് മന്ത്രിയായിരുന്ന എം.വി.ആര്‍ പരിശ്രമിച്ചു. നിയുക്ത കപ്പല്‍ ചാലുകള്‍ വിട്ട് കടല്‍ത്തീരത്തിനടുത്തേക്ക് കപ്പലുകള്‍ക്ക് സ്വാഭാവികമായി കടന്നുവരാനുതകുന്ന ഏറ്റവും ആഴംകൂടിയ ഇന്ത്യയിലെതന്നെ ഏറ്റവും സുപ്രധാനമായ കടല്‍തീരമാണ് വിഴിഞ്ഞത്തേത്. ഡ്രഡ്ജിംഗ് ചെയ്യാതെ തന്നെ മദര്‍ഷിപ്പുകള്‍ക്ക് കടന്നുവരാന്‍ പാകത്തില്‍ പതിനെട്ട് മുതല്‍ ഇരുപത് മീറ്റര്‍ വരെ ആഴമുള്ള സമുദ്ര തീരം വിഴിഞ്ഞത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. സിംഗപ്പൂര്‍, മലേഷ്യ, യു എ ഇ പോലുള്ള രാജ്യങ്ങളിലെ തുറമുഖങ്ങളോട് മത്സരിക്കാന്‍ വിഴിഞ്ഞം നമ്മെ പ്രാപ്തരാക്കുന്നു. ട്രാന്‍സ്ഷിപ്പ്‌മെന്റ് കൂടുതല്‍ ലാഭകരമായും നടത്താന്‍ വിഴിഞ്ഞത്ത് സാധ്യതകളുണ്ട്. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ദീര്‍ഘ ദര്‍ശിയായ ഭരണാധികാരിയായിരുന്ന എം.വി.ആറിന്റെ സംഭാവനകള്‍ കേരളമെന്നും ഓര്‍ക്കും.
ലേഖകന്‍ സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ്.

വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുത്തത് എം.വി.രാഘവന്‍

Share

Leave a Reply

Your email address will not be published. Required fields are marked *