മെയ്ദിനാശംസകള്‍(എഡിറ്റോറിയല്‍)

മെയ്ദിനാശംസകള്‍(എഡിറ്റോറിയല്‍)

ലോക തൊഴിലാളി ദിനത്തില്‍ ലോകത്താകമാനമുള്ള തൊഴിലാളികളുടെ അവസ്ഥ പരിശോധിക്കുമ്പോള്‍, ചൂഷണ ശക്തികളുടെ ആധിപത്യം വര്‍ദ്ധിച്ചു വരുന്നതായി കാണാന്‍ സാധിക്കും. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന അവകാശം മെയ് ദിനത്തോടെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും പണിയെടുക്കുന്നവന്റെ അവസ്ഥ ഇന്നും ദുരിതത്തില്‍ തന്നെയാണ്. അധ്വാനം വിറ്റ് ഉപജീവനം കഴിക്കുന്ന തൊഴിലാളിക്ക് ഇന്നും കഷ്ടപ്പാടിന്റെ കഥകള്‍ മാത്രമേ പറയാനുള്ളൂ. ഉല്‍പ്പാദന ഉപാധികളുടെ ആധിപത്യമുള്ള മുതലാളി വര്‍ഗ്ഗ സാമൂഹിക വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ ചൂഷണമാണ്. അധ്വാനം വിറ്റ് ജീവിക്കുന്നവരെ ചൂഷണം ചെയ്ത് മുതലാളി വര്‍ഗ്ഗം ലോക സാമ്പത്തിക ക്രമത്തിന്റെ ആധിപത്യം കൈയ്യടക്കുന്നതും സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ള രാജ്യങ്ങളില്‍ പോലും പുത്തന്‍ മുതലാളിത്ത ശക്തികള്‍ ഉയര്‍ന്ന് വരുന്നതും ദര്‍ശിക്കാവുന്നതാണ്. മുതലാളിത്തത്തിന് എതിരായി ഉയര്‍ന്നു വരുന്നതും, തൊഴിലാളി വര്‍ഗ്ഗ പോരാട്ടത്തിലൂടെ ഉയര്‍ന്നു വന്നതുമായ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ പലതും അസ്തമിച്ചതും ചരിത്രമാണ്. ആഗോള മുതലാളിത്തത്തിന്റെ  ഉയര്‍ന്ന രൂപമായ സാമ്രാജ്യത്വ ശക്തികളുടെ കൈകളിലാണ് ലോക സമ്പത്തിന്റെ  മഹാഭൂരിപക്ഷവും. കരയും, കടലും, ആകാശവും ലോകത്തെ വിരലിലെണ്ണാവുന്ന കമ്പനികളുടെ നിയന്ത്രണത്തിലാണിന്ന്. ഭൂമിയിലെ സമ്പത്ത് കൈയ്യടക്കിവച്ചിരിക്കുന്ന മുതലാളിത്ത ശക്തികള്‍, ശാസ്ത്ര സാങ്കേതിക സാധ്യതകള്‍ ഉപയോഗിച്ച് ബഹിരാകാശവും കൈയ്യടക്കുന്നതും വര്‍ത്തമാന കാല ദൃശ്യങ്ങളാണ്. ആഗോള ഭീമന്മാരായ ടെക് കമ്പനികളില്‍ നടക്കുന്ന തൊഴില്‍ ചൂഷണവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ആയിരക്കണക്കിന് തൊഴിലാളികളെ കമ്പനികള്‍ പിരിച്ചു വിടുന്നത്. ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ ആഗോള തൊഴിലാളി കൂട്ടായ്മകള്‍ ശക്തപ്പെടേണ്ടതുണ്ട്.
140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 100 കോടി ജനങ്ങളും തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെടുന്നവരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലും നാമമാത്ര കോടീശ്വരന്മാര്‍ വളര്‍ന്ന് വരുന്നതും സമീപ ദൃശ്യങ്ങളാണ്. വന്‍കിട കോര്‍പ്പറേറ്റുകള്‍ കൃഷി ഭൂമികളില്‍ നിന്ന് പാവം കര്‍ഷകരെ ആട്ടിയോടിച്ച് കൃഷി ഭൂമി കൈവശപ്പെടുത്താനും, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണന സാധ്യത കൈപ്പിടിയിലൊതുക്കാനും ശ്രമിക്കുമ്പോഴാണ് കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുന്നത്. പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വെല്ലുവിളികളെ നേരിടേണ്ടി വരുന്നത് പോലെ തൊഴിലില്ലാത്ത
അഭ്യസ്ത വിദ്യരുടെ ഞെട്ടിക്കുന്ന ഭീമമായ കണക്കുകളും നമ്മുടെ മുന്നിലുണ്ട്.
ആദ്യ കാലങ്ങളില്‍ അധ്വാനം വിറ്റ് ജീവിക്കുകയും, കടുത്ത അടിച്ചമര്‍ത്തലുകള്‍ ഏല്‍ക്കേണ്ടിവരികയും ചെയ്ത തൊഴിലാളികള്‍ നടത്തിയ അവേശോജ്ജ്വല പോരാട്ടമാണ് മെയ്ദിന സ്മരണകള്‍. ഇന്ന് തൊഴിലാളികളുടെ കെട്ടിലും, മട്ടിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, അവര്‍ വലിയ ചൂഷണം തന്നെയാണ് നേരിടുന്നത്. മനുഷ്യ ബന്ധങ്ങളെ പണത്തിന്റെ അതിര്‌കൊണ്ട് വേര്‍തിരിക്കുന്ന മുതലാളിത്ത സാമൂഹിക വ്യവസ്ഥിതി മാനവ സമൂഹത്തിന് നേരെയുള്ള വെല്ലുവിളി തന്നെയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നത്തെ ഉയര്‍ന്ന ജീവിത സാഹചര്യത്തില്‍ ഒരു ഇടത്തരം ജോലിയെടുക്കുന്ന വ്യക്തിക്കും, കുടുംബത്തിനും ജീവിച്ച് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികമടക്കമുള്ള മേഖലകളിലെല്ലാം നടക്കുന്ന കോര്‍പ്പറേറ്റ് വല്‍ക്കരണം ജീവിതം ക്ലേശകരമാക്കുകയാണ്. മെയ്ദിന സ്മരണകള്‍ തൊഴിലാളി വര്‍ഗ്ഗത്തിന് എന്നും ഊര്‍ജ്ജം പകരുന്ന ഒന്നാണ്. അധ്വാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന മെയ്ദിന സ്മരണകള്‍ തൊഴിലാളികള്‍ക്ക് പ്രചോദനമാകട്ടെ.

മെയ്ദിനാശംസകള്‍(എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *