വിഴിഞ്ഞം –  കേരളത്തിനിത് അഭിമാന നിമിഷം

വിഴിഞ്ഞം –  കേരളത്തിനിത് അഭിമാന നിമിഷം

കേരളത്തിന്റെ വ്യാപാര പ്രശസ്തി അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്തിയ പ്രൊജക്ടാണ് വിഴിഞ്ഞം പദ്ധതി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിയ്ക്കുന്നത്. പിന്നീട് വന്ന പിണറായി സര്‍ക്കാര്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കി. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണിത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏത് വലിയ കപ്പലിനും തുറമുഖത്തെത്തിച്ചേരാന്‍ സാധിക്കും. തുറമുഖത്ത് നിന്ന് കപ്പല്‍ ചാലുകളിലേക്കുള്ള ദൂരം കുറവാണെന്ന സവിശേഷതയും വിഴിഞ്ഞത്തിനുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മത്സ്യബന്ധന തുറമുഖം കൂടിയാണ് വിഴിഞ്ഞം. എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന ഘട്ടത്തില്‍ അദ്ദേഹമാണ് പദ്ധതിക്ക് അനുമതി ലഭ്യമാക്കിയത്. 2015ലാണ്  കേരള സര്‍ക്കാരും, അദാനി ഗ്രൂപ്പും തമ്മില്‍ വിഴിഞ്ഞം പദ്ധതി കരാര്‍ ഒപ്പിടുന്നത്. അത് പ്രകാരം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്തു. വിഴിഞ്ഞം പദ്ധതി കേരള സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും സംയുക്തമായാണ് നിര്‍മ്മിച്ചത്. പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ആഴക്കടല്‍ മാതൃ തുറമുഖവും, ഓട്ടോമേറ്റഡ് തുറമുഖവും, ആദ്യത്തെ ആഴക്കടല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖവുമാണ് വിഴിഞ്ഞം. 2023 ഒക്ടോബറിലാണ് തുറമുഖം ഭാഗികമായി തുറന്നത്. 2024 ജൂലായില്‍ ട്രയല്‍ റണ്‍ നടന്നു. 2024 ഡിസംബറിലാണ് ആദ്യഘട്ടം പൂര്‍ത്തിയാവുന്നത്. 2028ല്‍ പൂര്‍ണ്ണമായും കമ്മീഷന്‍ ചെയ്യുമെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ മുംബൈ, സിംഗപ്പൂര്‍, കൊളംബൊ എന്നിവിടങ്ങളിലെ തുറമുഖങ്ങളിലൂടെ നടക്കുന്ന ഇന്ത്യയുടെ ട്രാന്‍സ്ഷിപ്പമെന്റ് ആവശ്യങ്ങളുടെ 50% നിറവേറ്റാന്‍ വിഴിഞ്ഞത്തിന് സാധിക്കും. കേരളത്തിന്റെ ഭാവി വളര്‍ച്ചയുടെ അടിസ്ഥാന ശിലകളിലൊന്നാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. ലോക വ്യാപാര മേഖലയില്‍ കേരളം അടയാളപ്പെടുത്താന്‍ വിഴിഞ്ഞത്തിലൂടെ സാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെ.

വിഴിഞ്ഞം –  കേരളത്തിനിത് അഭിമാന നിമിഷം

Share

Leave a Reply

Your email address will not be published. Required fields are marked *