കോഴിക്കോട്: സാഹിത്യകാരനും ചിന്തകനും വാരാദ്യമാധ്യമം പ്രഥമ പത്രാധിപരുമായ കെ.എ. കൊടുങ്ങല്ലൂരിന്റെ സ്മരണക്ക് ‘മാധ്യമം’ റിക്രിയേഷന്‍ ക്ലബ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം വത്സലന്‍ വാതുശ്ശേരിക്ക്. ‘ഗ്രന്ഥാലോകം’ സാഹിത്യ മാസികയില്‍ പ്രസിദ്ധീകരിച്ച ‘ആകസ്മികം’ എന്ന കഥയാണ് അദ്ദേഹത്തെ 2024ലെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 20,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് മെയ് അവസാനവാരം സമ്മാനിക്കും. എഴുത്തുകാരായ കെ.പി. രാമനുണ്ണി, യു.കെ. കുമാരന്‍, പി.കെ. പാറക്കടവ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കഥാ സന്ദര്‍ഭങ്ങളെ ധ്വനിപ്പിച്ചുകൊണ്ട് തന്നെ കഥയെ എങ്ങനെ തീവ്ര അനുഭവമാക്കി മാറ്റാന്‍ കഴിയും എന്ന് തെളിയിക്കുന്ന കഥയാണ് വത്സലന്‍ വാതുശ്ശേരിയുടെ ‘ആകസ്മികം’ എന്ന് ജൂറി വിലയിരുത്തി. ചാലക്കുടി സ്വദേശിയായ വത്സലന്‍ വാതുശ്ശേരിക്ക് നേരത്തെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ അവാര്‍ഡ്, വി.ടി. കുമാരന്‍ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ്, അപ്പന്‍ തമ്പുരാന്‍ നോവല്‍ പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ടെലിവിഷന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ബി. പാര്‍വതി, മകള്‍: അഭിരാമി. വാര്‍ത്തസമ്മേളനത്തില്‍ ജൂറി അംഗം പി.കെ. പാറക്കടവ്, മാധ്യമം റിക്രിയേഷന്‍ ക്ലബ് പ്രസിഡന്റ് ഹാഷിം എളമരം, പുരസ്‌കാര സമിതി കണ്‍വീനര്‍ എ. ബിജുനാഥ് എന്നിവര്‍ പങ്കെടുത്തു.
കെ.എ. കൊടുങ്ങല്ലൂര്‍ സാഹിത്യ പുരസ്‌കാരം വത്സലന്‍ വാതുശ്ശേരിക്ക്