ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെതിരെ നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ.പാക്കിസ്ഥാനുമയി ഒരു തരത്തിലുള്ള വ്യാപാരവും നടത്തരുതെന്നുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കും. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന സുപ്രധാന വസ്തുക്കളായ പഴങ്ങള്‍, പച്ചക്കറികള്‍, മരുന്നുകള്‍, ജൈവ രാസവസ്തുക്കള്‍, പഞ്ചസാര തുടങ്ങിയവയെ ഏറെ ആശ്രയിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെത്തന്നെ ഇതു വന്‍ പ്രതിസന്ധിയിലാക്കും.അട്ടാരിയിലെ ചെക്ക് പോസ്റ്റ് അടച്ചുപൂട്ടാനുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള 3,886 കോടി രൂപയുടെ വ്യാപാരത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
മാത്രമല്ല പാക്കിസ്ഥാനില്‍ മരുന്നുകളുടെ കടുത്ത ക്ഷാമത്തിനും ഇത് വഴിവെക്കും. മരുന്നുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ 30 മുതല്‍ 40 ശതമാനം വരെ ഇന്ത്യയില്‍നിന്നാണ് പാക്കിസ്ഥാനിലേക്ക് പോകുന്നത്. ഇതില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളും (എപിഐകള്‍) വിവിധ നൂതന ചികിത്സാ ഉല്‍പന്നങ്ങളും ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിര്‍ത്തുന്നത് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ സാരമായി ബാധിക്കുമെന്നു പാക്കിസ്ഥാന്‍ ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ ഔഷധ മേഖലയില്‍ ചെലുത്തുന്ന പ്രതിസന്ധികളെക്കുറിച്ച് പാക്കിസ്ഥാന്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നാണു പാക്ക് മാധ്യമമായ ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ട്.
2024-25 ഏപ്രില്‍-ജനുവരി മാസങ്ങളില്‍ പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 44.76 കോടി ഡോളറായിരുന്നു, അതേസമയം, ഇറക്കുമതി 4.2 ലക്ഷം ഡോളര്‍ മാത്രമായിരുന്നു. 2023-24ലെ കയറ്റുമതിയും ഇറക്കുമതിയും യഥാക്രമം 118 കോടി ഡോളറും 28.8 ലക്ഷം ഡോളറുമായിരുന്നു. 2022-23 ലും 2021-22 ലും ഇന്ത്യ യഥാക്രമം 62.71 കോടി ഡോളറിന്റെയും 51.38 കോടി ഡോളറിന്റെയും സാധനങ്ങള്‍ കയറ്റുമതി ചെയ്തു. കൂടാതെ 2.01 ലക്ഷം ഡോളറിന്റെയും 25.4 ലക്ഷം ഡോളറിന്റെയും ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു. 2024-25 ഏപ്രില്‍-ജനുവരി കാലയളവില്‍ പാക്കിസ്ഥാനിലേക്കുള്ള രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 60% ജൈവ രാസവസ്തുക്കളുടെയും ഔഷധ ഉല്‍പന്നങ്ങളുടെയും കയറ്റുമതിയായിരുന്നു.
പാക്കിസ്ഥാനിലേക്കുള്ള മരുന്നും ഭക്ഷണവും മുടങ്ങും;
നിയന്ത്രണം കടുപ്പിച്ച് ഇന്ത്യ