കോഴിക്കോട്: ലോക നൃത്ത ദിനത്തില്‍ തബല മാന്ത്രികന്‍ ഉസ്താദ് സക്കീര്‍ ഹുസൈന് ശ്രദ്ധാഞ്ജലിയായി തൗര്യത്രിക എന്നപേരില്‍ നൃത്ത താള വാദ്യ സമ്മേളനമൊരുക്കുമെന്ന് ചിദംബരം ഡാന്‍സ് അക്കാദമി ഡയറക്ടര്‍ ഗിരിധര്‍ കൃഷ്ണയും തബലിസ്റ്റ് സുധീര്‍ കടലുണ്ടിയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവൂരിലെ പി.കൃഷ്ണപ്പിള്ള മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയില്‍ പ്രശസ്ത സിനിമാ നടി കെപിഎസി ലീല ഉള്‍പ്പെടെയുള്ള ശ്രദ്ധേയ വ്യക്തിത്വങ്ങളെ ആദരിക്കും. സിന്ധു പുഴയ്ക്കല്‍ (ചെന്നൈ), ഹരിദാസ് രാഘവ് (മുംബൈ) ഉള്‍പ്പെടെയുള്ള പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഹിന്ദി, ഉറുദു കാവ്യാലാപനങ്ങളുടെയും തബലയുടെയും, താളത്തിന്റെയും പശ്ചാത്തലത്തില്‍ ഉസ്താദ് സക്കീര്‍ ഹുസൈനുള്ള ഷയാരി ശ്രദ്ധാഞ്ജലിയെ തുടര്‍ന്ന് ഈയിടെ അന്തരിച്ച പ്രശസ്ത കഥക് നര്‍ത്തകി പത്മശ്രീ കൗമുദി നിലാവിയയെ നൃത്തത്തിലൂടെ അനുസ്മരിക്കും. നൃത്തം കാലഘട്ടങ്ങളിലൂടെ എന്ന പരിപാടിയില്‍ പ്രമുഖ ബോളിവുഡ് നൃത്ത ഇനങ്ങളായ കഥക്, മുജ്‌റ, ഭാംഗ്ര, ലാവണി, മെഹഫില്‍ തുടങ്ങിയ നൃത്തയിനങ്ങള്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ജുഗല്‍ബന്ദിയില്‍ ദുബായ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഗിരിധര്‍ കൃഷ്ണയുടെ ശിഷ്യരും, ചിദംബരം ഡാന്‍സ് അക്കാദമിയിലെ ശിഷ്യരും പങ്കെടുത്തു. പ്രശസ്ത തബല വാദന വിദഗ്ധനായ സുധീര്‍ കടലുണ്ടിയോടൊപ്പം നിരവധി വാദ്യ കലാകാരന്മാരും പ്രശസ്ത ഗായകരായ അനാമിക ജയം, കലാവതി എന്നിവരും തൗര്യത്രികയില്‍ പങ്കാളികളാകും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.സിന്ധു പുഴയ്ക്കല്‍, ഹരിദാസ് രാഘവ്, അശ്വനി എന്നിവരും പങ്കെടുത്തു.
ഉസ്താദ് സക്കീര്‍ ഹുസൈന് ശ്രദ്ധാഞ്ജലി
തൗര്യത്രിക 29ന്