കോഴിക്കോട്: ‘ശരികളുടെ ആഘോഷം, സെലിബ്രേറ്റിംഗ് ഹ്യുമാനിറ്റി’ എന്ന ശീര്‍ഷകത്തില്‍ രണ്ടാംഘട്ട ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എസ് എസ് എഫ് സ്ഥാപക ദിനത്തില്‍ സംസ്ഥാനത്തെ 125 കേന്ദ്രങ്ങളില്‍ ഡിവിഷന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏപ്രില്‍ ആദ്യവാരം തുടക്കം കുറിച്ച ലഹരി, സൈബര്‍, ക്രൈം വിരുദ്ധ ക്യാമ്പയിനിന്റെ രണ്ടാം ഘട്ട പരിപാടികളില്‍ പ്രധാന പൊതു പരിപാടിയാണ് ഡിവിഷന്‍ വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍ സമ്മേളനങ്ങളോടനുബന്ധിച്ച് വിദ്യാര്‍ത്ഥി റാലികള്‍ നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് ഏപ്രില്‍ ആദ്യവാരം തുടങ്ങിയ വിവിധങ്ങളായ പ്രചാരണ പരിപാടികള്‍ സംഘടനയുടെ വിവിധ തലങ്ങളില്‍ പുരോഗമിച്ച്‌കൊണ്ടിരിക്കുന്നു. എഴുന്നൂറ് സെക്ടര്‍ തലങ്ങളില്‍ രൂപീകരിച്ച പഠനസംഘം വികസിപ്പിച്ചെടുക്കുന്ന പഠന റിപ്പോര്‍ട്ട് സമ്മേളനാനന്തരം നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ സെക്ടര്‍ യാത്രയില്‍ സംസ്ഥാന കമ്മിറ്റി സ്വീകരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ.അബൂബക്കര്‍.ടി, മുഹമ്മദ് മുനവ്വിര്‍ അമാനി, ഷാഫി സഖാഫി, സൈഫുദ്ദീന്‍, യൂസുഫ് സഖാഫി എന്നിവര്‍ പങ്കെടുത്തു.