കോഴിക്കോട് : കോണ്‍ഗ്രസ് ദേശീയ നേതൃത്വം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതിയെ ശക്തമായി എതിര്‍ക്കുമ്പോഴും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇവിടെ ബി.ജെ.പി യോടൊപ്പം ചേര്‍ന്ന് മുനമ്പത്തെ റിസോട്ട് മാഫിയക്കുവേണ്ടി വാദിക്കുകയാണെന്ന് ഐ.എന്‍.എല്‍.
വഖഫ് ട്രൈബ്യൂണലിന്റെ നടപടിക്ക് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയ കേരള വഖഫ് ബോര്‍ഡിന്റെ ഉചിതമായ നീക്കത്തെ ഗൂഢാലോചനയായി ആരോപിച്ചു കൊണ്ട് വി.ഡി സതീശന്‍ രംഗത്തു വന്നത് ഇതിന്റെ തെളിവാണ്. നിലവിലെ വഖഫ് ട്രൈബ്യൂണല്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് വഖഫ് ബോര്‍ഡ് സ്റ്റേ വാങ്ങിയതെന്ന ഭാഷ്യം നിരുത്തരവാദപരവും ട്രൈബ്യൂണലിനെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുന്നതുമാണ്. ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് സമര്‍പ്പിച്ച കള്ളസത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ റിസോട്ട് മാഫിയക്ക് അനുകൂലമായി വിധി പറയും എന്ന അറിവ് സതീശന് എവിടെ നിന്നാണ് കിട്ടിയത് ? വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തേണ്ട സ്റ്റാറ്റിയൂട്ടറി ബോഡിയായ വഖഫ് ബോര്‍ഡിന് ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കാനാവില്ല. മുനമ്പത്തേത് വഖഫല്ല എന്ന് തുടക്കം മുതല്‍ പരസ്യമായി ആവര്‍ത്തിക്കുന്ന സതീശന്റെ പക്ഷപാതപരവും മുസ്ലിം വിരുദ്ധവുമായ നലപാടിനോട് സമുദായത്തിന്റെ മൊത്തം കുത്തക സ്വയമേറ്റെടുത്ത മുസ്ലിം ലീഗിന് എന്താണ് പറയാനുള്ളത് ? ലീഗ് നേതൃത്വം തുടരുന്ന മൗനം ഈ വിഷയത്തില്‍ അവര്‍ തുടരുന്ന കള്ളക്കളികളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വഖഫ് ട്രൈബ്യൂണല്‍ : പ്രതിപക്ഷ നേതാവിന്റെ ആരോപണം
റിസോട്ട് മാഫിയക്കു വേണ്ടി – ഐ.എന്‍.എല്‍