ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പൗരന്മാര്‍ ഗോ ബാക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും നിര്‍ദേശം നല്‍കിയെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരവാദ ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള എല്ലാ വീസകളും റദ്ദാക്കിയിരുന്നു. നടപടി ഏപ്രില്‍ 27 മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. എന്നാല്‍ മെഡിക്കല്‍ വീസകള്‍ അധിക 48 മണിക്കൂറുകള്‍ കൂടി സാധുവായിരിക്കും. പഹല്‍ഗാമിലെ ആക്രമണത്തില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്നും അതിന്റെ തെളിവു പക്കലുണ്ടെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. യുഎസ്, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ ഇതു സംബന്ധിച്ച തെളിവ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കാണിച്ചിരുന്നു.
പാക്കിസ്ഥാനെതിരായ നടപടിയുടെ ഭാഗമായി സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കിയിരുന്നു. എന്നാല്‍ പിന്നാലെ ഷിംല കരാര്‍ റദ്ദാക്കുന്നതായും തങ്ങളുടെ വ്യോമപാത അടയ്ക്കുന്നതായും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണു കൊല്ലപ്പെട്ടത്. ആയുധധാരികളായ അഞ്ചംഗ സംഘം വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.