കോഴിക്കോട് : ലോക പുസ്തക- പകര്‍പ്പവകാശ ദിനാ ചരണത്തിന്റെ ഭാഗമായി യുനെസ്‌കോ സാഹിത്യ നഗരമായ കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ അറിവ് ഗ്രന്ഥ പുരയിലേക്ക് ദര്‍ശനം ഗ്രന്ഥശാല പുസ്തകം സംഭാവന ചെയ്തു.മേയര്‍ ഡോ. ബീന ഫിലിപ്പ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ദര്‍ശനം ഒരു ഗ്രന്ഥശാല മാത്രമല്ല. വ്യത്യസ്തമായ നിരവധി പരിപാടികള്‍ തുടര്‍ച്ചയായി നടത്തിവരുന്ന സാംസ്‌ക്കാരിക ഇടം കൂടിയാണെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. കോര്‍പ്പറേഷന്‍ ഓഫീസ് അറിവ് കോര്‍ണറില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്‌കാരം നേടിയ കവി പി കെ ഗോപിയുടെ ‘ഓല ചൂട്ടിന്റ വെളിച്ചം ‘ ( ലിപി ബുക്‌സ്) മേയര്‍ക്ക് കൈമാറി കവി പി കെ ഗോപി ഉദ്ഘാടനം ചെയ്തു.
10,075 രൂപ മുഖ വിലയുള്ള 65 പുസ്തകങ്ങളാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. രണ്ടാം ഘട്ടത്തിലേയ്ക്കുള്ള പുസ്തകങ്ങള്‍ എഴുത്തുകാരില്‍ നിന്നും ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് ദര്‍ശനം ജോയിന്റ് സെക്രട്ടറി പി ജസീലുദ്ദീന്‍ അറിയിച്ചു. ദര്‍ശനം ഗ്രന്ഥശാലക്ക് സാഹിത്യ നഗരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പ്പറേഷന്‍ അനുവദിച്ച 110 660/ രൂപയുടെ സ്റ്റീല്‍ അലമാരകള്‍, മേശകള്‍ തുടങ്ങിയ ഫര്‍ണിച്ചറുകളുടെ താക്കോലുകള്‍ മേയറില്‍ നിന്നും കോഴിക്കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹക സമിതി അംഗം കെ.നജ്മ ഗ്രന്ഥശാലയ്ക്ക് വേണ്ടി ഏറ്റുവാങ്ങി. യുനെസ്‌കോ
സാഹിത്യ നഗരം പദ്ധതി നോഡല്‍ ഓഫീസര്‍ എ കെ സരിത പുസ്തക ലിസ്റ്റ് ദര്‍ശനം ഗ്രന്ഥശാല മുഖ്യ രക്ഷാധികാരി എം എ ജോണ്‍സണില്‍ നിന്നും സ്വീകരിച്ചു. കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഡയറക്ടര്‍ കൊല്ലറയ്ക്കല്‍ സതീശന്‍, ശില്പി ഗുരുകുലം ബാബു, ദര്‍ശനം കമ്മിറ്റി അംഗങ്ങളായ മിനി ജോസഫ്, പ്രസന നമ്പ്യാര്‍, എം എന്‍ രാജേശ്വരി, കെ പി മോഹന്‍ദാസ്, യുനെസ്‌കോ സാഹിത്യ നഗരം പദ്ധതിയിലെ കരിയാമ്പറ്റ സുരേഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായി. സുഭാഷ് ചന്ദ്രന്റെ ജ്ഞാനസ്‌നാനം,കെ പി രാമനുണ്ണിയുടെ ഇടശ്ശേരിക്കാറ്, ടി പത്മനാഭന്റെ കരുവന്നൂര്‍, പി രാജീവിന്റെ ഭരണഘടന ചരിത്രവും സംസ്‌കാരവും (മാതൃഭൂമി ബുക്‌സ്), എരുമേലി പരമേശ്വരന്‍ പിള്ള പുരസ്‌കാരം നേടിയ ഡോ. ഒ എസ് രാജേന്ദ്രന്റെ ബി പോസിറ്റീവ് ( സാഹിത്യ പബ്‌ളിക്കേഷന്‍), സുമേഷ് കൃഷ്ണന്റെ എന്റെയും നിങ്ങളുടെയും മഴകള്‍, എതിരന്‍ കതിരവന്റെ എതിരന്‍ ചിന്തകള്‍ ( ഡി സി ബുക്‌സ്), സരസ്വതി ബിജുവിന്റെ ഇടം തിരയുന്നവര്‍ ( പീപ്പിള്‍സ് റവ്യൂ പബ്‌ളിക്കേഷന്‍സ്), തൃശൂര്‍ കറന്റ് ബുക്‌സിന്റെ എം ടി കൃതികള്‍, ഡഗ്‌ളസ് ഡി സില്‍വയുടെ പച്ചക്കാട്ടിലെ കല്ലറകള്‍, ലീലാവതിയുടെ പടച്ചോന്റെ മുഖം ( സ്വതന്ത്ര ബുക്‌സ്) തുടങ്ങിയ പ്രസാധകരില്‍ നിന്ന് ദര്‍ശനം വില കൊടുത്തു വാങ്ങിയ 65 പുസ്തകങ്ങളാണ് ഒന്നാം ഘട്ടത്തില്‍ കൈമാറിയത്.