ഭീകരതക്കെതിരേ രാജ്യം തിരിച്ചടിക്കണം

ഭീകരതക്കെതിരേ രാജ്യം തിരിച്ചടിക്കണം

 

രാജ്യം നടുങ്ങിയ വാര്‍ത്തയാണ് ജമ്മുകശ്മീരില്‍ നിന്നും കേട്ടത്. സാധാരണക്കാരായ 26 പേരെയാണ് ഭീകരര്‍ വെടിവച്ച് കൊന്നത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്. അക്രമത്തിന്റെ ഉത്തരവാദിത്വം പാക് ഭീകര സംഘടനയായ ലഷ്‌കറെ ത്വയബയുടെ അനുബന്ധസംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തിരിക്കൂകയാണ്. നമ്മുടെ രാജ്യത്തിന്റെ മണ്ണില്‍ കടന്നു കയറി നമ്മുടെ സഹോദരങ്ങളെ കൊലപ്പെടുത്തിയ ഈ ഭീകരപ്രസ്ഥാനത്തെ തുടച്ചുനീക്കാന്‍ രാജ്യം സര്‍വ്വ ശക്തിയുമെടുത്ത് തിരിച്ചടിക്കണം. കശ്മീരിനെ വീണ്ടു കലാപ ഭൂമിയാക്കാന്‍ പാകിസ്ഥാന്‍ സഹായത്തോടെ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വേരറുക്കാന്‍ നടപടിയുണ്ടാകണം.
അക്രമികളെ വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊലപ്പെടുത്തുന്ന ഭീകര ശക്തികള്‍ ലോകത്തിന് തന്നെ ആപത്താണ്. ഭീകരപ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മോദിയും വ്യക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തികടന്നുള്ള ഭീകരവാദമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അയല്‍രാജ്യമായ പാകിസ്ഥാനിലെ ഭീകരവാദികളാണ് ഇന്ത്യയില്‍ അക്രമം നടത്തുന്നത്. 2008 ലാണ് മുംബൈയില്‍ ഭീകരാക്രമണം നടന്നത്. ലഷ്‌കറെ ത്വയ്ബയായിരുന്നു ഇതിനുപിന്നില്‍. ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായ തഹാവുര്‍ റാണയെ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് പിടികൂടി ഇന്ത്യയിലെത്തിച്ചത്. നമ്മുടെ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ വിദേശങ്ങളില്‍ കഴിയുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്.
ഈ ഭീകരരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ജമ്മുകശ്മീര്‍. അവിടെ മിനിസ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന പ്രദേശമാണ് പഹല്‍ഗാം. അവിടെയാണ് സൈനിക വേഷത്തിലെത്തിയ ഭീകരര്‍ നരവേട്ടനടത്തിയത്. രാജ്യത്തിനിത് വലിയ വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാവരും ഒന്നിച്ചണിനിരന്ന് ഈ ഭീകര ശക്തികള്‍ക്കെതിരേ പോരാടണം .പഹല്‍ഗാമില്‍ മരണപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഈ ക്രൂര കൃത്യം ചെയ്തവരെ തുടച്ചു നീക്കണം.

Share

Leave a Reply

Your email address will not be published. Required fields are marked *