ന്യൂഡല്‍ഹി: തെലുഗു നടന്‍ മഹേഷ് ബാബുവിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി. ഏപ്രില്‍ 28ന് ഇഡിക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
ഹൈദരാബാദ് ആസ്ഥാനമായുള്ള സായ് സൂര്യ ഡെവലപ്പേഴ്‌സ്, സുരാന ഗ്രൂപ്പ് എന്നീ രണ്ട് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടില്‍ ബന്ധമുണ്ടെന്നാരോപിച്ചാണ് മഹേഷ് ബാബുവിന് ഇഡി നോട്ടീസ് അയച്ചത്.
ഈ റിയല്‍ ഏസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രമോഷന്‍ ചെയ്തിരുന്ന മഹേഷ് ബാബു 5.9 കോടി രൂപ കൈപ്പറ്റിയതായാണ് ഇഡി പറയുന്നത്. ഇതില്‍ 2.5 കോടി പണമായും ബാക്കി 3.4 കോടി ചെക്ക് രൂപത്തിലും കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്നു. ഇതു കൂടാതെ ഏകദേശം 100 കോടി രൂപയുടെ അനധികൃത പണമിടപാടുകളും കുറ്റകരമായ രേഖകളും ഇഡി ഈ സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
മഹേഷ് ബാബുവിനെ വിശ്വസിച്ച് നിരവധി പേരാണ് ഈ സംരംഭത്തിന്റെ ഭാഗമായി വലിയ ഓഹരികള്‍ നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടത്. അനധികൃത ഭൂമി ലേഔട്ടുകള്‍, ഒരേ ഭൂമി ഒന്നിലധികം ആളുകള്‍ക്ക് വില്‍ക്കല്‍, ശരിയായ രേഖകളില്ലാതെ പണം കൈപ്പറ്റല്‍, ഭൂമി രജിസ്ട്രേഷനെ കുറിച്ചുള്ള തെറ്റായ ഉറപ്പുകള്‍ എന്നിവയാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള കുറ്റം. എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലേക്ക് കടക്കാനിരിക്കെയാണ് താരത്തിന് ഇഡിയുടെ നേട്ടീസ്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: നടന്‍
മഹേഷ് ബാബുവിന് ഇഡി സമന്‍സ്