കോഴിക്കോട്: ലോക കരള്‍ ദിനത്തോട് അനുബന്ധിച്ച് കരള്‍ മാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്ന രോഗികള്‍ക്ക് വേണ്ടി ഉത്തര കേരളത്തിലെ ആദ്യ കരള്‍ സ്വാപ്പ് ട്രാന്‍സ്പ്ലാന്റ് രജിസ്ട്രേഷന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും അവരുടെ ബന്ധുക്കളും ഒത്തുചേര്‍ന്ന ‘കരളോളം’ പരിപാടിയില്‍ വെച്ച് പദ്ധതിയുടെ ഉദ്ഘാടനം സിനിമാ താരം നിര്‍മ്മല്‍ പാലാഴി നിര്‍വ്വഹിച്ചു. സ്വാപ്പ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്നത് ഒരു രോഗിക്ക് സന്നദ്ധനായ ദാതാവുണ്ടെങ്കിലും അവരുടെ രക്തഗ്രൂപ്പ് പൊരുത്തപ്പെടാത്തപ്പോള്‍ നടത്തുന്ന ഒരു പ്രക്രിയയാണ്. രണ്ടോ അതിലധികമോ രോഗി – ദാതാവ് ജോഡികള്‍ക്കിടയില്‍ ഇത്തരം ബുദ്ധിമുട്ട് നിലനില്‍ക്കുമ്പോള്‍, ദാതാക്കളുടെ രക്തഗ്രൂപ്പ് അനുയോജ്യതയും അവയവ പൊരുത്തവും അടിസ്ഥാനമാക്കി ദാതാക്കളെ പരസ്പരം മാറ്റി സര്‍ജറിയിലൂടെ രോഗികളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ഗാസ്‌ട്രോ & ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം മേധാവി ഡോ.സജീഷ് സഹദേവന്‍ പറഞ്ഞു.
നേരിട്ട് ദാനം സാധ്യമല്ലാത്തപ്പോഴാണ് ഈ രീതി പ്രധാനമായും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.പരമാവധി രോഗികളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് സ്വാപ്പ് ട്രാന്‍സ്പ്ലാന്‍ഷന്‍ രജിസ്ട്രി സംരംഭം ആരംഭിച്ചതെന്ന് ഗസ്‌ട്രോ സയന്‍സ് വിഭാഗം മേധാവി ഡോ. അനീഷ് കുമാര്‍ പറഞ്ഞു. ഇത് രക്തഗ്രൂപ്പിലെ പൊരുത്തക്കേട് കൊണ്ടും അവയവ പൊരുത്തപ്പെടുത്തലുകൊണ്ടും വെല്ലുവിളികള്‍ നേരിടുന്ന രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ചടങ്ങില്‍ മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്‍മാടത്ത്, ഡോ. അഭിഷേക് രാജന്‍,ഡോ.ടോണി ജോസ്, ഡോ.വിഘ്നേഷ് വി, ഡോ.കിഷോര്‍ കാണിച്ചാലില്‍, ഡോ.സീതാ ലക്ഷ്മി, ലിഫോക്ക് സ്റ്റേറ്റ് ചെയര്‍മാന്‍ രാജേഷ് കുമാര്‍, ട്രഷറര്‍ ബാബു കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.
ഉത്തര കേരളത്തിലെ ആദ്യ കരള്‍ സ്വാപ്പ് ട്രാന്‍സ്പ്ലാന്റ് രജിസ്ട്രേഷന്‍
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍