തിളക്കത്തിനൊടുവില്‍ തിരസ്‌ക്കാരം (വാടാമല്ലി ഭാഗം-17)

തിളക്കത്തിനൊടുവില്‍ തിരസ്‌ക്കാരം (വാടാമല്ലി ഭാഗം-17)

കെ.എഫ്.ജോര്‍ജ്
പ്രശസ്തിയില്‍ തിളങ്ങി നില്‍ക്കുന്ന പലരും ജീവിത സായാഹ്നത്തില്‍ അവഗണിക്കപ്പെടുന്നു. ആരാധകരുടെ നടുവില്‍ നിന്ന് അവര്‍ പെട്ടെന്ന് ഏകാന്തതയുടെ തുരുത്തിലേയ്ക്ക് ഒതുക്കപ്പെടുന്നു. അവര്‍ പുറത്തു പറയുന്നില്ലെങ്കിലും അവരുമായി ഇടപഴകുമ്പോള്‍ ആ വേദനയുടെ ആഴം നമ്മുടെ ഉള്ളുലയ്ക്കും. രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും വളരെ പെട്ടെന്നായിരിക്കും ഇങ്ങനെ ഏകാന്ത മൂലകളിലേക്ക് തഴയപ്പെടുക. ഇവരുമായി ഇടപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെല്ലാം സാക്ഷികളാകും.
പത്മഭൂഷണ്‍ ബഹുമതി ലഭിച്ചതു പ്രമാണിച്ച് നിത്യഹരിത നായകന്‍ പ്രേംനസീറിന് 1983ല്‍ പത്തനംതിട്ടയില്‍ വമ്പിച്ച പൗരസ്വീകരണം നല്‍കുകയുണ്ടായി, പ്രേംനസീറിന്റെ ആരാധകരും  ബഹുജന സംഘടനകളും ചേര്‍ന്ന് ഒരുക്കിയ സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചു. സിനിമാ ഷൂട്ടിങ്ങിന്റെ തിരക്കില്‍ മേക്കപ്പ് പോലും പൂര്‍ണ്ണമായി മാറ്റാതെയാണ് സിനിമാ സെറ്റില്‍ നിന്ന് അദ്ദേഹം എത്തിയത്. ഉച്ചഭക്ഷണം കഴിക്കാത്തതിനാല്‍ ഭക്ഷണം ഒരുക്കണമെന്നും പറഞ്ഞിരുന്നു. അതിനാല്‍ പത്തനംതിട്ട ടിബിയില്‍ വിഭവ സമൃദ്ധമായി ഭക്ഷണം ഒരുക്കി.
ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ ഉച്ചക്ക് സമ്മേളനമെന്നു പറഞ്ഞിരുന്നെങ്കിലും പ്രേംനസീര്‍ എത്തിയത് രണ്ടുമണി കഴിഞ്ഞ്. പ്രസംഗം തീര്‍ന്ന് തിക്കിത്തിരക്കുന്ന ജനാവലിയോട് കുശലം പറഞ്ഞ് നസീര്‍ ടിബിയിലെത്തുമ്പോള്‍ മൂന്നര മണിയായി. മലയാളിയുടെ ആരാധനാ പാത്രമായ ആ മഹാനടനെ വളരെ അടുത്തു കാണുന്നതും ഇടപഴകുന്നതും അന്നാണ്. അദ്ദേഹം പറയുന്ന സിനിമാ വിശേഷങ്ങള്‍ കേട്ടുകൊണ്ട് ഞങ്ങളും അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചു. മത്സ്യ മാംസാദികള്‍ കൊണ്ട് വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് ഒരുക്കിയിരുന്നതെങ്കിലും മോഡേണ്‍ ബ്രഡ് ഒരു സ്ലൈസിന്റെ പകുതി മാത്രമാണ് നസീര്‍ കഴിച്ചത്. കൂടെ കോഴിയിറച്ചിയുടെ തുണ്ടില്‍ നിന്ന് നുളളിയെടുത്ത കുറച്ച് ഭാഗവും, പിന്നെ കുറച്ച് വിറ്റാമിന്‍ ഗുളികകളും വെള്ളവും. തടി കൂടാതിരിക്കാനുള്ള ഭക്ഷണ നിയന്ത്രണമാണത്. സിനിമാ സെറ്റില്‍ നിന്നു സെറ്റിലേക്ക് രാപ്പകല്‍ ഭേദമില്ലാതെ ഷൂട്ടിങ്ങിന് ഓടി നടക്കുന്ന കാലമാണത്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണത്തില്‍ അദ്ദേഹം കര്‍ശന നിയന്ത്രണം പാലിച്ചിരുന്നു.
പിന്നീട് പ്രേംനസീറിനെ നേരില്‍ കാണുന്നത് 1987ല്‍ കല്‍പ്പറ്റയില്‍ വച്ചാണ്. അപ്പോഴേക്കും അദ്ദേഹത്തിനു സിനിമകള്‍ കുറഞ്ഞിരുന്നു. അദ്ദേഹം രാഷ്ട്രീയ രംഗത്തിറങ്ങുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ എം.ജി.രാമചന്ദ്രന്‍ സിനിമാ രംഗത്തു നിന്ന് രാഷ്ട്രീയത്തില്‍ വന്ന് കത്തി നില്‍ക്കുന്ന കാലത്ത് ഇന്ദിരാഗാന്ധി  നസീറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുവെങ്കിലും അദ്ദേഹംമനസ്സ് തുറന്നിരുന്നില്ല. 1987 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാജീവ് ഗാന്ധിയെ കണ്ടശേഷമാണ്് നസീര്‍ രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്യുന്നത്. കെ.കരുണാകരനും ഇക്കാര്യത്തില്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, പ്രചരണ രംഗത്ത് സജീവമാകാം  എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അദ്ദേഹം അറിയിച്ചത്.
സിനിമാ ഷൂട്ടിങ് നിര്‍ത്തിവെച്ച് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നസീര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ യോഗങ്ങളില്‍ പ്രസംഗിച്ചു. ഒരു ദിവസം 42 വേദികളില്‍ വരെ പ്രസംഗിച്ചുവെന്നാണ് കേള്‍ക്കുന്നത്.
കല്‍പ്പറ്റ മണ്ഡലത്തിലെ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി പി.മമ്മുട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലാണ് കല്‍പ്പറ്റ ടൗണ്‍ ബസ്സ്റ്റാന്റിനടുത്ത് ഒരുക്കിയ വേദിയില്‍ നസീര്‍ പ്രസംഗിച്ചത്. മുണ്ടും ജുബ്ബയും അണിഞ്ഞ് ഖദര്‍ ഷാളും കഴുത്തിലിട്ട് വേദിയിലെത്തിയ നസീര്‍ കണ്ഠ ശുദ്ധി വരുത്തി പ്രസംഗം തുടങ്ങി.
‘ നല്ലവരായ നാട്ടുകാരേ, കൊച്ചനുജന്മാരേ, അനുജത്തിമാരേ, നമ്മള്‍ തമ്മില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ഇരുട്ടത്ത് സിനിമാ തിയേറ്ററില്‍. നിങ്ങളെ വെട്ടത്തു കണ്ട് നേരില്‍ സംസാരിക്കാനാണ് ഞാന്‍ വന്നത്’.
ഇങ്ങനെ കത്തിക്കയറിയ പ്രസംഗത്തില്‍ ഉപമകളും തമാശക്കഥകളും നിരന്നു. ജനം രസിച്ചു. കയ്യടിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി ജനതാദളിന്റെ എം.പി.വീരേന്ദ്രകുമാറായിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയെ കളിയാക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്ന ഒരു പരാമര്‍ശവും പ്രസംഗത്തിലുണ്ടായിരുന്നില്ല.
സമ്മേളനം കഴിഞ്ഞപ്പോള്‍ ഉച്ചയായി. യുഡിഎഫ് പ്രവര്‍ത്തകന്‍ കല്ലങ്കോടന്‍ മൊയ്തുവിന്റെ വീട്ടിലാണ് ഉച്ച ഭക്ഷണം ഒരുക്കിയിരുന്നത്. അവിടെ ഇരിക്കുമ്പോള്‍ നസീര്‍ എന്നോട് ചേദിച്ചു. ‘ യേ, പത്രക്കാരാ, നമ്മുടെ സ്ഥാനാര്‍ത്ഥി ജയിക്കുമോ?’
‘നമ്മുടെ സ്ഥാനാര്‍ത്ഥി സുന്ദരമായി തോല്‍ക്കും’ എന്റെ മറുപടി കേട്ട് നസീര്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. നസീറിന്റെ ചിരികേട്ട് അവിടെ കൂടിയ യു.ഡി.എഫുകാര്‍ എന്താ കാര്യമെന്നു തിരക്കി. ഞങ്ങളൊന്നും മിണ്ടിയില്ല. എന്നിട്ട് നസീര്‍ ചിരിച്ചുകൊണ്ട് എന്നോട് സ്വകാര്യമായി പറഞ്ഞു – ‘എനിക്കും അങ്ങനെ തോന്നി’.
മുസ്ലിംലീഗിന് കല്‍പ്പറ്റ മണ്ഡലം കൊടുത്തതില്‍ കോണ്‍ഗ്രസുകാരില്‍ നല്ലൊരു വിഭാഗത്തിന് അമര്‍ഷമുണ്ടായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി.വീരേന്ദ്ര കുമാറിന്റെ വ്യക്തി പ്രഭാവം മറ്റൊരു പ്രശ്‌നം. ആ തെരഞ്ഞെടുപ്പില്‍ 17,958 വോട്ടിന്റെ് മഹാ ഭൂരിപക്ഷത്തില്‍ വീരേന്ദ്ര കുമാര്‍ ജയിക്കുകയും ചെയ്തു.
പത്തനംതിട്ടയില്‍ വെച്ച് നസീറിനെ കണ്ടതിനു ശേഷം നാലു വര്‍ഷം കഴിഞ്ഞു. ഇത്രയും കാലം കൊണ്ട് നസീറിന് തടി കൂടിയിരിക്കുന്നു. അന്ന് ഒരു ബ്രഡ് സ്ലൈസിന്റെ കഷ്ണം മാത്രം കഴിച്ച നസീര്‍ കല്‍പ്പറ്റയില്‍ സാധാരണക്കാരെപ്പോലെ നന്നായി ഭക്ഷണം കഴിച്ചു. കടുത്ത നിയന്ത്രണമെല്ലാം അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു.
കോണ്‍ഗ്രസിനായി ഓടിനടന്നു പ്രസംഗിച്ച നസീറിന് അര്‍ഹിക്കുന്ന അംഗീകാരങ്ങളൊന്നും പാര്‍ട്ടി നല്‍കിയില്ല. ഇപ്പോള്‍ സിനിമാ താരങ്ങള്‍ക്ക് രാജ്യസഭ എം.പി സ്ഥാനവും പാര്‍ട്ടിയില്‍ ഉന്നത പദവികളുമെല്ലാം നല്‍കുന്നു. ലോക സിനിമാ ചരിത്രത്തില്‍ ഇടംപിടിച്ച നസീറിന് രാഷ്ട്രീയത്തില്‍ നിന്ന് ഒന്നും കിട്ടിയില്ല.
അപ്പോഴേക്കും സിനിമകളിലും അവസരം കുറഞ്ഞു. നായക സ്ഥാനത്തു നിന്ന് ചെറിയ റോളുകളിലേക്ക് മാറി. അവസാന ഇന്റര്‍വ്യൂകളില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ലീഡ് റോളുകളില്‍ അഭിനയിപ്പിച്ച് ഒരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി.
കല്‍പ്പറ്റ വുഡ്‌ലാന്റ് ഹോട്ടലില്‍ താമസിച്ച് വയനാട്ടില്‍ ഷൂട്ട് ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് നസീറിനെ അവസാനമായി കണ്ടത്. അപ്പോഴേക്കും അദ്ദേഹത്തിന്റെ താരമൂല്യം ഇടിഞ്ഞിരുന്നു. ജഗതിയേയും ഉണ്ണിമേരിയേയും ഭീമന്‍ രഘുവിനേയുമെല്ലാം കാണാന്‍ ഹോട്ടല്‍ ഇടനാഴിയില്‍ ജനം ഇടിച്ചു കയറി. ഇവര്‍ക്കിടയില്‍ കൂടി ഷൂട്ടിങ് വേഷത്തില്‍ നസീര്‍ നിശബ്ദനായി നടകള്‍ കയറി മുകള്‍ നിലയിലെ മുറിയിലേക്ക് നടന്നു പോയി. ആരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
മുറിയില്‍ വച്ചു സംസാരിച്ചപ്പോള്‍ പഴയ ഉത്സാഹവും പ്രസന്നതയും അദ്ദേഹത്തിനു നഷ്ടപ്പെട്ടതുപോലെ തോന്നി. അവഗണനയും തിരസ്‌ക്കാരവും അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം 1989 ജനുവരി 16ന് 62-ാം വയസ്സില്‍ മനുഷ്യസ്‌നേഹിയായ ആ മഹാ നടന്‍ വിടവാങ്ങി.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.) 

തിളക്കത്തിനൊടുവില്‍ തിരസ്‌ക്കാരം (വാടാമല്ലി ഭാഗം-17)

Share

Leave a Reply

Your email address will not be published. Required fields are marked *