ഡോ. കെ കുഞ്ഞാലിയുടെ ആത്മകഥ ഡോക്ടര്‍ ഹാര്‍ട്ട് പുറത്തിറങ്ങുന്നു

ഡോ. കെ കുഞ്ഞാലിയുടെ ആത്മകഥ ഡോക്ടര്‍ ഹാര്‍ട്ട് പുറത്തിറങ്ങുന്നു

 

കോഴിക്കോട്: പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. കെ കുഞ്ഞാലിയുടെ ജീവിതം അനാവരണം ചെയ്യുന്ന ഡോക്ടര്‍ ഹാര്‍ട്ട് എന്ന പുസ്തകം ഈമാസം അവസാനം പുറത്തിറങ്ങും. അഞ്ചുപതിറ്റാണ്ടിലേറെക്കാലമായി ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്ന ഡോക്ടര്‍ കെ കുഞ്ഞാലി പ്രശസ്തമായ കസ്തൂര്‍ബ മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസും തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്ന് എം ഡിയും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളെജില്‍ നിന്ന് ഡി എമ്മും പാസായി. പി എസ് സി വഴി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ജോലി ആരംഭിച്ച അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളെജിലും ജോലി ചെയ്തിട്ടുണ്ട്. ഇടക്കാലത്ത് റിയാദ് നാഷണല്‍ ഹോസ്പിറ്റലിലെ സേവനത്തിന് ശേഷം തിരികെ കോഴിക്കോട്ടെത്തി നഗരത്തിലെ പ്രമുഖ ആശുപത്രികളിലെല്ലാം ചികിത്സ നടത്തി. എണ്‍പത്തിരണ്ടാമത്തെ വയസ്സിലും അദ്ദേഹം കര്‍മ്മരംഗത്ത് സജീവമാണ്. കോഴിക്കോടിന്റെ സാംസ്‌കാരിക-സാമൂഹിക മേഖലയിലും കായികരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കുകയും ഒട്ടേറെ ജീവകാരുണ്യ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത മനുഷ്യസ്‌നേഹിയായ ചികിത്സകനാണ്. ഓപ്പണിംഗ് ഹാര്‍ട്ട് പ്രോഗ്രാം എന്ന ചികിത്സാപദ്ധതിയിലൂടെ ശസ്ത്രക്രിയ ഇല്ലാതെ തന്നെ ആയിരക്കണക്കിന് ആളുകളെ അദ്ദേഹം സ്വഭാവിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. കേരള ഹാര്‍ട്ട് കെയര്‍ സൊസൈറ്റിയിലൂടെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശ്വാസവും പകര്‍ന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ ചികിത്സാരീതിയെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചുവരികയും ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയെടുക്കുകയും ചെയ്തു.
കാസര്‍കോട് പൈവളികയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച് പഠനത്തില്‍ മികവ് കാട്ടി ജീവിതവിജയത്തിന്റെ പടവുകളോരോന്നും കയറിയ ഡോ. കുഞ്ഞാലിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മികച്ച മാതൃകയാണ്. മാധ്യമപ്രവര്‍ത്തകര്‍ ഷിബു ടി ജോസഫാണ് പുസ്തകരചന നിര്‍വ്വഹിച്ചിരിക്കുന്നത്. കോഴിക്കോട്ടെ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം ലഭിക്കാന്‍ 9037319971

Share

Leave a Reply

Your email address will not be published. Required fields are marked *