ഭാരതീയ ദര്‍ശനങ്ങളില്‍ അഗാധമായ പാണ്ഡിത്യവും പാശ്ചാത്യന്‍ ദര്‍ശനങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുകയും ചെയ്ത ഡോ. സര്‍വ്വേപിള്ളി രാധാകൃഷ്ണന്‍ പഴയ മദ്രാസ് സംസ്ഥാനത്തെ തിരുത്തണി ഗ്രാമത്തില്‍ 1888 സെപ്തംബര്‍ അഞ്ചിനാണ് ജനിക്കുന്നത്. 1952ല്‍ ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതിയായിരുന്നു അദ്ദേഹം.പിന്നീട് 1954ല്‍ ഭാരത രത്‌നം നല്‍കി അദ്ദേഹത്തെ ആദരിച്ചു. ദരിദ്ര ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം ട്യൂഷനെടുത്ത പണം കൊണ്ടാണ് പഠനം നടത്തിയത്. തിരുട്ടാണിയിലെ കെവി ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠനകാലത്തുടനീളം അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നാണ് ബിരുദവും ബിരുദാനന്തര പഠനവും പൂര്‍ത്തീകരിച്ചത്. സ്വമേധയാ ആയിരുന്നില്ല അദ്ദേഹത്തിന്റെ തത്വശാസ്ത്ര പഠനം. യാദൃശ്ചികമായി അടുത്തറിഞ്ഞ തത്വശാസ്ത്രത്തെ പില്‍കാലത്ത് മുഖ്യവിഷയമായി മാറുകയായിരുന്നു. മദ്രാസ് പ്രസിഡന്‍സി കോളജ,് കൊല്‍ക്കത്ത കോളജ്, ഓക്‌സ്‌ഫെഡിലെ മാഞ്ചസ്റ്റര്‍ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകന്‍, ആന്ധ്രാ, ബനാറസ് സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍, ഇന്ത്യന്‍ സര്‍വകലാശാല കമ്മിഷന്റെയും, യുനെസ്‌കോയുടെയും ചെയര്‍മാന്‍ എന്നീനിലകളിലും സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു, രാജ്യം സ്വാതന്ത്ര്യം നേടിയ അര്‍ധരാത്രിയില്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് ഭരണഘടനാനിര്‍മ്മാണ സഭയില്‍ പ്രസംഗിക്കാന്‍ വിളിച്ചത് ഡോ.സര്‍വ്വേപിള്ളി രാധാകൃഷ്ണനെയായിരുന്നു. അക്കാദമീഷ്യന്‍ തത്വചിന്തകന്‍ എന്നീനിലകളില്‍ രാജ്യത്തിന് കനത്ത സംഭാവന നല്‍കിയ മഹാപ്രതിഭയായിരുന്നു അദ്ദേഹം. 1975ഏപ്രില്‍ 17നാണ് അദ്ദേഹത്തിന്റെ വിയോഗം. 150ഓളം പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്. രാഷ്ട്രപതിയായിരിക്കുമ്പോള്‍ സ്വന്തം ശമ്പളംഅഞ്ചിലൊന്നായി കുറയ്ക്കുകയും മുന്‍കൂട്ടി അനുവാദം തേടാതെ എത്തുന്ന സന്ദര്‍ശകര്‍ക്കായി ആഴ്ചയില്‍ രണ്ട് ദിവസം രാഷ്ട്രപതി ഭവന്റെ വാതില്‍ തുറന്നിടുകയും ചെയ്ത ആമഹാനുഭവന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അരനൂറ്റാണ്ട്.