ലീഡര്‍ കെ കരുണാകരന്‍ സ്മാരക മന്ദിരം ജില്ലയിലെ രാഷ്ട്രീയ ഭാഗധേയം മാറ്റിക്കുറിക്കും: കെസി വേണുഗോപാല്‍
കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കായി നിര്‍മിച്ച ലീഡര്‍ കെ കരുണാകരന്‍ മന്ദിരം ജില്ലയിലെ രാഷ്ട്രീയ ഭാഗധേയം മാറ്റിക്കുറിക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പല സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കുപോലും സാധിക്കാത്ത സൗകര്യപ്രദമായ പാര്‍ട്ടി ഓഫിസ് നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയ ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറിനെയും ഡിസിസിക്കായി സ്ഥലം നിലനിര്‍ത്തിയ മുന്‍ ഡിസിസി പ്രസിഡന്റ് കെസി അബുവിനെയും അദ്ദേഹം അഭിനന്ദിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസുകാര്‍ക്കും അഭിമാനം നല്‍കുന്നതാണ് കോണ്‍ഗ്രസ് ഓഫിസ് . അഹമ്മദാബാദില്‍ നടന്ന എഐസിസിയുടെ സമ്മേളനം രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആശയപരമായും,സംഘടനാപരമായും കോണ്‍ഗ്രസ് പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ സമ്മേളനം രൂപരേഖ തയാറാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ പ്രവര്‍ത്തനം. ജില്ലാകോണ്‍ഗ്രസ് കമ്മിറ്റികളുടെ പ്രവര്‍ത്തനം മികച്ചതും ചിട്ടയായതുമായി വളര്‍ത്തിയെടുക്കണം. ബൂത്ത്, വാര്‍ഡ്, മണ്ഡലം ബ്ലോക്ക് കമ്മിറ്റികളെ സക്രിയമായി മുന്നോട്ട് കൊണ്ടുപോകാനാകണം. ബിജെപി ഭരണത്തില്‍ രാജ്യം വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. 11 വര്‍ഷക്കാലമായി രാജ്യം ഭരിക്കുന്ന മോദിസര്‍ക്കാര്‍ എല്ലാ മേഖലയിലും വര്‍ഗീയത പടര്‍ത്തുകയാണ്. കപട ദേശീയത പരത്തുകയാണ്. രാഷ്ട്രീയഎതിരാളികളെ നേരിടാന്‍ സിബിഐ, ഇഡി, ഇന്‍കം ടാക്‌സ്, ഇലക്ഷന്‍ കമ്മിഷന്‍ എന്നീ ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണ്. പാര്‍ലമെന്റിനെപോലും നോക്കുകുത്തിയാക്കി മുന്നോട്ടുപോകുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി രാഷ്ട്രീയം കളിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ കേസില്‍ സുപ്രിംകോടതി നല്‍കിയ ഉത്തരവ് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള തിരിച്ചടിയാണ്. സുപ്രിംകോടിതി വിധിയെ വെല്ലുവിളിക്കുന്ന കേരള ഗവര്‍ണറുടെ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. രാജ്യത്ത് നിയമത്തേയും നീതിയേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുന്ന കേന്ദ്ര സര്‍ക്കാരിനുള്ള താക്കീതാണ് സുപ്രിം കോടതിവിധി. വഖഫ് ഭേദഗതി ബില്ല് പാസായ ഉടനെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ക്രിസ്ത്യന്‍ സഭകളുടെ കൈവശമുള്ള ഭൂമിയുടെ കണക്ക് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ക്രിസ്ത്യന്‍ മുസ്ലിംകള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തിയാണ് മോദിസര്‍ക്കാര്‍ ഭരണം നടത്തുന്നത്. ബിജെപി ഭരണകാലത്ത് കര്‍ണാടകത്തിലും ചത്തീസ്ഗഢിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും ക്രൈസ്തവര്‍ക്കെതിരെ നിയമം പാസാക്കിയിട്ടുണ്ട്. കേരളത്തില്‍ മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പത്ത് വോട്ടിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം കോണ്‍ഗ്രസിനില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26ല്‍ ഫ്രീഡം ഓഫ് റിലീജിയന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. വഖഫ് ബോര്‍ഡില്‍ കടന്നുകയറിയിട്ടുള്ള ബിജെപി സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണ്. മുസ്ലിം ജനവിഭാഗങ്ങളുടെ വിശ്വാസത്തില്‍ കൈകടത്തുകയാണ് ബിജെപി. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം വൈഷ്‌ണോദേവി ക്ഷേത്രമാണ്. അതിന്റെ സിഇഒ ലഫ്റ്റന്റ് ഗവര്‍ണറാണ്. ഹിന്ദുവല്ലാത്തയാള്‍ ലഫ്റ്റനന്റ് ഗവര്‍ണറായി വന്നാല്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുന്ന ഹിന്ദുവായിരിക്കണം ക്ഷേത്രത്തിന്റെ സിഇഒ എന്ന് നിയമത്തിലുണ്ട്. അതുതന്നെയാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. വിശ്വാസങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. വഖഫ് ബോര്‍ഡില്‍ വിശ്വാസികളല്ലാത്തവരെ തിരുകികയറ്റിയാല്‍, ജില്ലാകലക്ടര്‍ക്ക് അധികാരം കൊടുത്താല്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് മുറിവേല്‍ക്കും. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഹിഡന്‍ അജന്‍ഡ ഭാരതം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സിരകളില്‍ ചോരയുള്ളിടത്തോളം കാലം ബിജെപിയുടെയും മോദിസര്‍ക്കാരിന്റെയും വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ രാജ്യത്തെകോണ്‍ഗ്രസുകാര്‍ മുന്നിലുണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല, കെ സുധാകരന്‍, വിഡി സതീശന്‍, ദീപാദാസ് മുന്‍ഷി, മുല്ലപ്പള്ള രാമചന്ദ്രന്‍, എംഎം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എംകെ രാഘവന്‍ എംപി, ടി സിദ്ദീഖ് എംഎല്‍എ, ശാഫി പറമ്പില്‍ എംപി, ജെബി മേത്തര്‍, കെസി അബു, എം ലിജു, ഉള്‍പെടെയുള്ള നേതാക്കള്‍ സംബന്ധിച്ചു.