കോഴിക്കോട്: മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെയും മതേതര പാര്‍ട്ടികളുടേയും ബഹുജനങ്ങളുടെയും ശക്തമായ എതിര്‍പ്പ് വകവെക്കാതെ നിലവിലെ വഖഫ് നിയമങ്ങളില്‍ അടിമുടി മാറ്റം വരുത്തി ഭരണഘടനാ വിരുദ്ധമായ നിയമം അടിച്ചേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് പുതിയ വഖഫ് നിയമം അറബിക്കടലില്‍ എറിഞ്ഞ് പ്രതിഷേധിക്കുമെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍ കോവില്‍ എം.എല്‍.എയും സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15ന് ചൊവ്വ വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചില്‍ പ്രതിഷേധ പ്രകടനമായി എത്തി വിവാദ നിയമത്തിന്റെ കോപ്പികള്‍ കടലില്‍ വലിച്ചെറിയും. പാര്‍ട്ടി സംസഥാന-ജില്ലാ-മണ്ഡലം ഭാരവാഹികളും പോഷക സംഘടനകളുടെ സാരഥികളും പാര്‍ട്ടി പ്രതിനിധികളും പരിപാടിയില്‍ സംബന്ധിക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ പച്ചയായി ഹനിക്കുന്നതാണ് 2025ലെ വഖഫ് ഭേദഗതി ബില്‍. ലോക് സഭയില്‍ ഭൂരിപക്ഷമില്ലാത്ത എന്‍ഡിഎ മുന്നണി അധികാര ദുര്‍വിനിയോഗത്തിലൂടെയാണ് പാര്‍ലമെന്റില്‍ മേധാവിത്വം സ്ഥാപിച്ചതും ആര്‍എസ്എസിന്റെ അജണ്ഡ നടപ്പിലാക്കുന്നതും. ഭരണഘടനയുടെ 14,15,25,26,30 അനുഛേദങ്ങള്‍ പ്രദാനം ചെയ്യുന്ന മത സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയുമാണ് ബിജെപി സര്‍ക്കാര്‍ പിച്ചിച്ചീന്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടിക്കെതിരെ പരമോന്നത നീതിപീഠത്തെ ഇതിനകം പലരും സമീപിച്ചിട്ടുണ്ട്. മുനമ്പം പ്രശ്‌നം വഖഫ് നിയമം പ്രാബല്യത്തില്‍ വന്നതോടെ പരിഹരിക്കപ്പെടുമെന്ന് തെറ്റായ പ്രചരണം നടത്തി ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണ്. മുസ്ലിംകളെയും, ക്രിസ്ത്യാനികളെയും തമ്മില്‍ തല്ലിക്കാനുള്ള സംഘപരിവാര്‍ അജണ്ഡ കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് ശോഭ അബൂബക്കര്‍ ഹാജി, ജില്ലാ ജന.സെക്രട്ടറി ഒ.പി.അബ്ദുറഹിമാന്‍ എന്നിവരും പങ്കെടുത്തു.