കോഴിക്കോട്: സഹജീവി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു നല്കി ആക്കോട് ഇസ്ലാമിക് സെന്റര്‍ 23-ാം വാര്‍ഷികാഘോഷം 12 മുതല്‍ 16 വരെ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി മുസ്തഫ ഹുദവി ആക്കോട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12 ന് വൈകിട്ട് 7ന് നടക്കുന്ന പൊതു സമ്മേളനവും മുഹമ്മദലി ശിഹാബ് തങ്ങള്‍ ബില്‍ഡിങ് ഉദ്ഘാടനവും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. അന്‍വര്‍ മുഹിയുദ്ദീന് ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തും.
13 ന് രാവിലെ 9 മണിക്ക് ക്യു.എല്‍.എഫ് തര്ത്തില് ഖുര്‍ആന്‍ ഹിഫ്ള് മത്സരം നടക്കും.വൈകിട്ട് 5 ന് നടക്കുന്ന ദാഇയ ബില്‍ഡിങ് ശിലാസ്ഥാപനവും 7 ന് നടക്കുന്ന പൊതു സമ്മേളനവും സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും. ഏപ്രില്‍ 14 ന് രാവിലെ 9 മണി മുതല്‍ വനിതാ സംഗമവും വിദ്യാര്‍ഥിനി സംഗമവും നടത്തും.
15 ന് വൈകിട്ട് 7 ന് മജ്ലിസുന്നൂര് ആത്മീയ സംഗമം നടക്കും. പാണക്കാട് സയ്യിദ് അബ്ദുല്‍ റഷീദ് അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. 16 ന് വൈകിട്ട് 6ന് ആരംഭിക്കുന്ന അനാഥ വിദ്യാര്‍ഥികളുടെ നിക്കാഹിലും സമാപന സമ്മേളനത്തിലുമായി അമ്പത്തിനായിരത്തോളം ആളുകള്‍ പങ്കെടുക്കും. ഹിഫ്ള് ഖുര്‍ആന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനവും സമാപന സമ്മേളനവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വാഴക്കാട് പഞ്ചായത്തിലെ ആക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക കാരുണ്യ സ്ഥാപനമാണ് ആക്കോട് ഇസ് ലാമിക് സെന്റര്‍. 2002 ല്‍ ഇരുപത് വിദ്യാര്‍ഥികളുമായി തുടക്കം കുറിച്ച സ്ഥാപനമിന്ന് രണ്ടായിരത്തോളം വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്നു. പിതാവ് നഷ്ടപ്പെട്ട് അനാഥരായി തീര്‍ന്ന 435 വിദ്യാര്‍ഥികളെയും അവരുടെ വിധവകളായ മാതാക്കളെയും ഇസ്ലാമിക് സെന്റര്‍ വര്‍ഷങ്ങളോളമായി സംരക്ഷിച്ചു വരികയാണ്. മുസ്തഫ ഹുദവി ആക്കോട് സമാപന ദുആക്ക് നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് അഷ്റഫ് ഹാജി പട്ടാര, വര്‍ക്കിംഗ് സെക്രട്ടറി സി.വി.എ കബീര്‍, സെക്രട്ടറി ഡോ. എ.ടി അബ്ദുല്‍ജബ്ബാര്‍, മുജീബ്റഹ്മാന്‍ മറ്റത്തൂര്‍, അഡ്മിനിസ്ട്രേറ്റര്‍ മുഹ്സിന് കമാലി പങ്കെടുത്തു.
ആക്കോട് ഇസ്ലാമിക് സെന്റര്‍ 23-ാം വാര്‍ഷികാഘോഷം നാളെ(12ന്) തുടങ്ങും