നവതി പിന്നിട്ട ചന്ദ്രികയുടെ ചരിത്രം ശനിയാഴ്ച തങ്ങള്‍ പ്രകാശനം ചെയ്യും
കോഴിക്കോട്: വടക്കേ മലബാറിന്റെ സാസ്‌കാരിക തലസ്ഥാനമായ തലശ്ശേരിയുടെ ചക്രവാളത്തില്‍ ചന്ദ്രിക ഉദിച്ചുയര്‍ന്നിട്ട് ഒമ്പത് പതിറ്റാണ്ട് പിന്നിട്ടു. സംഭവ ബഹുലമായ ഒരു മുന്നേറ്റത്തിന്റെ ഈ കഥയിതാ ആദ്യമായി പുറത്ത് വരുന്നു. ചന്ദ്രികയുടെ മുന്‍ പത്രാധിപരും എഴുത്തുകാരനുമായ നവാസ് പൂനൂര്‍ എഴുതിയ ചന്ദ്രികയുടെ ചരിത്രം 12 ന് ശനിയാഴ്ച ചന്ദ്രിക മാനേജിംഗ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും. ലീഗ് ഹൗസില്‍ 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല ആദ്യ കോപ്പി ഏറ്റുവാങ്ങും. മുസ് ലിം ലീഗ് ചരിത്രകാരനായ എം സി എഴുതിയപോലെ ജീവസ്സറ്റ് കിടന്നിരുന്ന ഒരു ജനസമൂഹത്തിന്റെ ജീര്‍ണ്ണോദ്ധാരണ പ്രക്രിയയില്‍ ഒരു വര്‍ത്തമാനപത്രം നിര്‍വ്വഹിച്ച നിര്‍ണ്ണായക പങ്കാളിത്തത്തിന്റെ നിറമാര്‍ന്ന കാഴ്ചകളാണ് നവാസ് പൂനൂര്‍ ഈ പുസ്തകത്തിലൂടെ പുനരാവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് മുമ്പ് ആരും ഇങ്ങനെ ഒരു ഉദ്യമങ്ങിന് ഉത്സുകരായിട്ടില്ല. അതിനാല്‍ തന്നെ നവാസിന്റെ ഈ സംരഭം സ്വാഗതാര്‍ഹമാണ്. ചന്ദ്രിക കേവലമൊരു വര്‍ത്തമാനപത്രമല്ല. അത് വലിയ ഒരു ജന സമൂഹത്തിന്റെ വികാരമാണ്. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് എഴുതിയത് തന്നെ വായന പഠിപ്പിച്ച പത്രമാണ് ചന്ദ്രിക എന്നാണ്. തന്നെ മാത്രമല്ല മുസ് ലിം സമുദായത്തെ തന്നെ വായന പഠിപ്പിച്ചത് ഈ പത്രമാണ്. ന്യൂനപക്ഷ പിന്നോക്ക ജന വിഭാഗത്തിന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറാന്‍ ചന്ദ്രികക്ക് കഴിഞ്ഞത് ഈ കാലമത്രയും ചന്ദ്രിക നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ്. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്:
‘ചന്ദ്രികയുടെ സംഭവ ബഹുലമായ ജീവിതത്തിലൂടെ കടന്ന് പോവുകയാണ് നവാസ് പൂനൂര്‍. ചന്ദ്രികയുമായി നവാസിനുളള ബന്ധത്തിന് നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. അത് മാത്രമാവില്ല ഈ ചരിത്ര രചനക്ക് കാരണം. ഭാര്യാ പിതാവ് എ കെ അഹമ്മദ് കുട്ടി ഹാജി കെ കുഞ്ഞിമായിന്‍ ഹാജിയുടെ മരുമകനാണ് എന്നത എന്നതും ഒരു കാരണമാവാം.ചന്ദ്രികയുടെ ചരിത്രം എറെ അനിവാര്യമായ ഘട്ടത്തിലാണ് പുറത്ത് വരുന്നത്. പുതിയ തലമുറ നമ്മുടെ പത്രത്തിന്റെ ചരിത്രം പഠിക്കാന്‍ തയാറാവണം. അപ്പോഴേ അതിന്റെ മഹത്വം മനസിലാവുകയുള്ളൂ.’
ചന്ദ്രികയിലൂടെ എഴുതിത്തുടങ്ങിയ ഡോ എം എന്‍ കാരശ്ശേരിയുടെ പ്രൗഢമായ അവതാരിക അവസാനിക്കുന്നത് ഇങ്ങനെയാണ്: ‘ അനേകം മധുരചരണങ്ങള്‍ നുണഞ്ഞുകൊണ്ടാണ് ഞാന്‍ നവാസ് പൂനൂര്‍ എഴുതിയ ചന്ദ്രികയുടെ ചരിത്രം വായിച്ചത്. ഗ്രന്ഥത്തിലെ എല്ലാ അധ്യായത്തോടും പൂര്‍ണമായും യോജിച്ചുകൊണ്ടല്ല വായിച്ചുപോയത്. ഒരു ഉദാഹരണം മാത്രം പറയാം.
മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് ഗ്രന്ഥകാരന്‍ എഴുതിയത് കോണ്‍ഗ്രസ്സ് ഇരട്ടത്താപ്പ് കാണിച്ചു എന്നാണ്. ഖിലാഫത്ത് പ്രസ്ഥാന്തതിന് ഗാന്ധിജി അടക്കമുള്ളവര്‍ പിന്തുണ കൊടുത്തത് അഹിംസാനിഷ്ഠമായ സമരം എന്ന നിലയ്ക്കാണ്. 1921 ല്‍ മലബാറില്‍ ഖിലാഫത്തിന്റെ പേരില്‍ ചിലര്‍ വാളെടുത്തപ്പോള്‍ മുഹമ്മദ് അബ്ദുറഹിമാന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ തള്ളിപ്പറഞ്ഞു. ഇതിലെവിടെയാണ് ഇരട്ടത്താപ്പ്? ആ കലാപം കഴിഞ്ഞ് പതിനഞ്ചാമത്തെ കൊല്ലത്തിലാണ് മലബാറില്‍ മുസ്ലിം ലീഗ് രൂപം കൊള്ളുന്നത് (1937), ഇന്നു പലരും പ്രസംഗിക്കുന്നതും എഴുതുന്നതും കണ്ടാല്‍ അക്കാലത്ത് മുസ്ലിംലീഗ് നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് തോന്നിപ്പോകും.
അത്തരം കാര്യങ്ങള്‍ നയപരമാണ്. മുസ്ലിം ലീഗിന്റെ നയപരിപാടികളെ അനുകൂലിക്കാനും ന്യായീകരിക്കാനുമാണ് ചന്ദ്രിക സ്ഥാപിതമായത്.
അതില്‍ ആ തരത്തില്‍ നിരന്തരം എഴുതിക്കൊണ്ടിരുന്ന റഹീം മേച്ചേരിയെയാണ് ഈ നേരത്ത് എനിക്ക് ഓര്‍മ്മയാവുന്നത്. അതങ്ങനെയിരിക്കട്ടെ. നമ്മുടെ വിഷയം മുസ്ലിംലീഗല്ല, ചന്ദ്രികയാണ്. പത്രസ്ഥാപനത്തിന്റെ ചരിത്രമാണ്.
ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്- നവതി പിന്നിട്ട ചന്ദ്രികയുടെ ചരിത്രം ഇതാദ്യമായി നവാസ് പൂനൂരാണ് എഴുതുന്നതെന്ന് . അദ്ദേഹം ഏറെക്കാലം അവിടെ പത്രപ്രവര്‍ത്തകന്‍ ആയിരുന്നുവല്ലോ. എന്റെ അകന്ന ബന്ധുവും അടുത്ത സുഹൃത്തുമായ നവാസിനെ ഈ ഗ്രന്ഥരചനയുടെ പേരില്‍ എല്ലാ മലയാളികള്‍ക്കും വേണ്ടി ഞാന്‍ അഭിനന്ദിക്കുന്നു. പല പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രചന ഇതുതന്നെ. തന്റെ മറ്റൊരു ഗ്രന്ഥത്തിനു വേണ്ടിയും നവാസ് ഇത്രമേല്‍ മിനക്കെട്ടിട്ടില്ല എന്നാണ് എന്റെ അറിവ്. വിവരങ്ങളും തീയതികളും സംഭവങ്ങളും ഫോട്ടോകളും തേടിപ്പിടിക്കുന്നത് വളരെ സമയവും അധ്വാനവും ക്ഷമയും ആവശ്യപ്പെടുന്ന പണിയാണ്. പാര്‍ട്ടിയോടും പത്രത്തോടും സ്വന്തം ജീവചരിത്രത്തോടും തോന്നിയ ആത്മാര്‍ത്ഥതയാവാം ബദ്ധപ്പാട് നിറഞ്ഞ ഈ പണിക്ക് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. അനായാസമായി കാലക്രമത്തില്‍ കഥ പറഞ്ഞുപോകുന്നതിലും സമകാലിക ചരിത്രത്തോട് കഥനത്തെ ബന്ധിപ്പിക്കുന്നതിലും ഗ്രന്ഥകര്‍ത്താവ് വിജയിച്ചിട്ടുണ്ട്.
സുദീര്‍ഘവും സമ്പന്നവുമായ മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരധ്യായമാണ് ഈ പുസ്തകം. ഈ അധ്യായമില്ലെങ്കില്‍ ആ ചരിത്രം അപൂര്‍ണമായിക്കിടക്കും. അങ്ങനെ അവനവനു വേണ്ടി എന്നപോലെ പല സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി നവാസ് പൂനൂര്‍ ഒരു കടം വീട്ടിയിരിക്കുന്നു.
ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ഡോ എംകെ മുനീര്‍ ,പി വി അബ്ദുല്‍ വഹാബ് എം പി, ഡോ എം പി അബ്ദു സമദ് സമദാനി എം പി, ഹാരിസ് ബീരാന്‍ എം പി, പി എം എ സലാം, സൈനുല്‍ ആബിദീന്‍ സഫാരി,പി വി ചന്ദ്രന്‍ , അനില്‍ രാധാകൃഷ്ണന്‍ , കെ എം ഷാജി, വി എം ഇബ്രാഹിം, കമാല്‍ വരദൂര്‍ , ടി പി ചെറൂപ്പ, ദീപക് ധര്‍മ്മടം തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരികനായകരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും.