ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രീയ അധികാരം കൈയാളാന്‍ മുന്നേറുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന്റെ ദേശീയ സെക്രട്ടറിയായി ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം മറ്റൊരുമലയാളി എംഎ ബേബി ചുമതലയേല്‍ക്കുകയാണ്. മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് വിഭിന്നമായി രാജ്യത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഎമ്മിന്റെ മൂന്ന് വര്‍ഷം കൂടുമ്പോള്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് മധുരയിലെ 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് എംഎ ബേബിയെ തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎമ്മിന്റെ പരമോന്നത ഘടകമായ പോളിറ്റ് ബ്യൂറോയിലേക്ക് മറ്റൊരു മലയാളികൂടി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിജുകൃഷ്ണനാണ് പിബിയിലേക്കെത്തിയ മറ്റൊരുമലയാളി. 1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ സിപിഎം നേതൃനിരയില്‍ മലയാളി സ്വാധീനം ശക്തമാണ്. ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്താണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കമ്മ്യൂണിസ്റ്റ് ആശയധാരയുടെ വസന്ത കാലമായിരുന്നു അത്. ആശയപരവും പ്രായോഗികവുമായി കമ്മ്യൂണിസ്റ്റാശയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഇഎംഎസും എകെജിയുമെല്ലാം രാജ്യത്തെ ജനമനസുകളെ ത്രസിപ്പിച്ച നേതാക്കളായിരുന്നു.
വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് എംഎ ബേബിയുടെ കടന്നുവരവ്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ദീര്‍ഘകാലം രാജ്യസഭാംഗം, സംസ്ഥാന വിദ്യഭ്യാസ വകുപ്പ് മന്ത്രി എന്നീനിലകളിലേക്കും എംഎ ബേബി കര്‍മ്മ നിരതനായിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ രണ്ടാം തവണ പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമോ എന്ന ചോദ്യം രാഷ്ട്രീയ കേരളവും ഇന്ത്യയും ഉറ്റുനോക്കൂന്ന ഘട്ടത്തിലാണ് എംഎ ബേബി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദത്തിലേക്കെത്തുന്നത്. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ല ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടിപ്പിക്കുന്ന ജനാധിപത്യ സമ്പ്രദായത്തിലെ സര്‍ക്കാരാണെന്ന നിഗമനം പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുന്ന ഘട്ടം കൂടിയാണിത്. സിപിഐഎം കഴിഞ്ഞ കാലങ്ങളിലെല്ലാം നഖശിഖാന്തം എതിര്‍ക്കുന്ന ആര്‍എസ്എസും ബിജെപിയും നേതൃത്വം നല്‍കുന്ന മോദിസര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരേയുംപോരാട്ട മുഖം തുറക്കാന്‍ എംഎ ബേബിയുടെ നേതൃത്വം സിപിഎമ്മിനെ എത്രമാത്രം കരുത്തുറ്റതാക്കുമെന്ന ആകാഷംയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ പ്രതിപക്ഷനേതാവിന്റെ പദവി എകെ ഗോപാലന്‍ അലങ്കരിച്ചിരുന്ന കാലവും കേരളം,ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഭരണത്തിന്റെ പിന്‍ബലവും ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരെ നിശ്ചയിക്കാന്‍ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന് ഇടപെടാന്‍ അവസരമുണ്ടായിരുന്ന കാലവും ഇന്നില്ല. ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ പ്രസക്തി പരിമിതപ്പെട്ടുവരുന്ന കാലത്താണ് എംഎ ബേബി അഖിലേന്ത്യാ സെക്രട്ടറി പദമേല്‍ക്കുന്നത്. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ ഇന്ത്യാമുന്നണിയില്‍ ധാരണയുണ്ടെങ്കിലും കോണ്‍ഗ്രസിനെതിരെയും ബിജെപിക്കെതിരെയും ഒന്നിച്ച് പടനയിക്കേണ്ട ഉത്തരവാദിത്വവും എംഎ ബേബിക്കുണ്ട്. രാജ്യത്ത് കോര്‍പറേറ്റ് വല്‍ക്കരണം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതം അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ മര്‍ദിത ജനവിഭാഗങ്ങളെ ജാതി മത വര്‍ഗീയ രാഷ്ട്രീയ ശക്തികളുടെ ഉപകരണമാകാതെ ജനാധിപത്യപാതയില്‍ പാര്‍ട്ടിയെ നയിച്ച് സിപിഎമ്മിനെ വിജയകിരീടമണിയിക്കാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് എംഎ ബേബിക്കു മുന്നിലുള്ളത്. കാലത്തിന്റെ ദൗത്യമേറ്റെടുക്കുന്ന എംഎ ബേബിക്ക് ലാല്‍ സലാം.