ദില്ലി: കത്തോലിക്ക സഭയുടെ സ്വത്ത് വിവരം സംബന്ധിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ലേഖനം വിവാദമാകുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ വഖഫ് ബോര്‍ഡിനല്ല കത്തോലിക്ക സഭക്കാണ് ഏറ്റവുമധികം ആസ്തിയെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ക്രിസ്ത്യന്‍ സമുദായമാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. വിവാദമായതോടെ ഓര്‍ഗനൈസര്‍ വെബ്സൈറ്റില്‍ നിന്ന് ലേഖനം പിന്‍വലിച്ചു. വഖഫ് ബില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പാസായതിന് തൊട്ട് പിന്നാലെ ഓര്‍ഗനൈസറില്‍ വന്ന ലേഖനമാണ് വിവാദമാകുന്നത്. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഭൂമി വഖഫ് ബോര്‍ഡിനാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യയിലെ കത്തോലിക്ക സഭക്കാണ് ആസ്തി കൂടുതലുള്ളതെന്നാണ് ലേഖനം ചൂണ്ടിക്കാട്ടിയത്. 17.29 കോടി ഏക്കര്‍ ഭൂമി കത്തോലിക്ക സഭക്ക് കീഴിലുള്ള പള്ളികള്‍ക്കുണ്ടെന്നും ഇരുപതിനായിരം കോടി രൂപ മൂല്യം വരുമെന്നും ലേഖനത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് അധീനതയില്‍ വന്നതാണ് സ്വത്തില്‍ ഏറിയ പങ്കുമെന്നും ലേഖനം ആരോപിച്ചു.
1927ല്‍ ചര്‍ച്ച് ആക്ട് കൊണ്ടുവന്നതിലൂടെ സ്വത്തും വര്‍ധിച്ചു. സഭക്ക് വരുമാന സ്രോതസായി സ്‌കൂളുകളും, ആശുപത്രികളുമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖനം 2012ലെ കണക്കും വിശദീകരിക്കുന്നുണ്ട്. ആദിവാസി ഗ്രാമീണ മേഖലകളില്‍ സഭ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായും ലേഖനത്തില്‍ ആക്ഷേപമുണ്ട്.
അതേസമയം ലേഖനം ഉയര്‍ത്തിക്കാട്ടിയാണ് വഖഫ് നിയമ ഭേദഗതിലൂടെ മുസ്ലീങ്ങളെ ഉന്നമിട്ട സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ക്രൈസ്തവ സമൂഹമാണെന്ന ആക്ഷേപം രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. മുസ്ലീങ്ങളെ ഉന്നമിട്ട സര്‍ക്കാര്‍ വൈകാതെ മറ്റ് സമുദായങ്ങളെയും ഉന്നമിടുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. കെ സി വേണുഗോപാലും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ആശങ്ക പങ്കുവച്ചു. രാജ്യത്തുടനീളം ക്രൈസ്തവരെ ആക്രമിക്കുകയും കേരളത്തില്‍ വന്ന് ഇതെല്ലാം നിങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും പറയുന്നവര്‍ ആട്ടിന്‍തോലിട്ട ചെന്നായകളാണെന്നും അവരെ തിരിച്ചറിയാന്‍ ക്രൈസ്തവ സമൂഹത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിഡി സതീശന്‍ പറഞ്ഞു. വഖഫ് ബില്ലിനെ എതിര്‍ത്ത കോണ്‍ഗ്രസിന് ലേഖനം ആയുധമാകുകയാണ്. വിവാദമായതോടെ ലേഖനം ഓര്‍ഗനൈസര്‍ പിന്‍വലിച്ചു. എന്നാല്‍ ലേഖനത്തോട് സഭാ നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.