കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനും വിദ്യഭ്യാസ വിചക്ഷണനുമായ ഡോ. കെ.കെ.എന്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ 130കോടി രൂപ ചെലവില്‍ എഐ അധിഷ്ഠിത ആധുനിക വിദ്യാഭ്യാസ പഠനകേന്ദ്രവും, ലോക പ്രശസ്ത സൂഫിവര്യനും വിശ്വ വിഖ്യാത പണ്ഡിതനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നാമധേയത്തില്‍ ആരംഭിക്കുന്ന സ്ഥാപനത്തിനെതിരേ വടകര കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി വൈസ് പ്രസിഡന്റ് കെ അന്‍വര്‍ ഹാജിയുടെ നേതൃത്വത്തിലുള്ള കുപ്രചാരണം തള്ളിക്കളയണമെന്ന് വലിയകത്ത് കരകെട്ടി കുഞ്ഞിത്തറുവായി ഹാജി കുടുംബ ട്രസ്റ്റ് പ്രസിഡന്റ് കുഞ്ഞബ്ദുള്ള പികെയും സെക്രട്ടറി ഉമ്മര്‍ വിയും വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു. ശൈഖ് മഖ്ദൂമിന്റെ പതിനൊന്നാം തലമുറയില്‍പെട്ടയാളാണ് വലിയകത്ത് കരകെട്ടി കുഞ്ഞിത്തറുവായി ഹാജി. അദ്ദേഹത്തിന്റെ നാലാം തലമുറയിലെ അനന്തരാവകാശികളാണ് ട്രസ്റ്റിന്റെ കാര്യങ്ങള്‍ നടത്തിക്കൊണ്ടുവരുന്നത്. അഴിയൂര്‍ വില്ലേജ് ചോമ്പാല പ്രദേശത്തെ റീസ 10/11ല്‍ പെട്ട 5.28 ഏക്കറും, റീസ 24/ 2ല്‍പെട്ട 7.90 ഏക്കര്‍ ഭൂമിയും 1961 ല്‍ തന്നെ വഖഫ് ഭൂമിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഇതിന് 1723/ 1951 നമ്പര്‍ ആധാരം അഴിയൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിലവിലുള്ളതാണ്. എന്നാല്‍ ഇതേ ഭൂമിക്ക് 1984ല്‍ പള്ളിക്കമ്മിറ്റി കള്ള ആധാരമുണ്ടാക്കിയിട്ടുണ്ട്. ഇതിനെതിരേ വഖഫ് ബോര്‍ഡ്, വഖഫ് ട്രൈബ്യുണലില്‍ പെറ്റീഷന്‍ നല്‍കുകയും പള്ളിക്കമ്മിറ്റിയുമായി കേസ് നടക്കുകയാണ്. ഈ ഭൂമി വഖഫാണെന്ന് 1957ലെ ആദ്യത്തെ വഖഫ് എന്‍ക്വയറി കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുകയും 1965 ലെ സംസ്ഥാന ഗസറ്റ് വിജ്ഞാപനത്തില്‍ പ്രോപ്പര്‍ട്ടി സംബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്. ഇതേ ഭൂമിയാണ് നിയമവിരുദ്ധമായി കൃത്രിമരേഖ ചമച്ച് പള്ളിക്കമ്മിറ്റി ക്രമ വിക്രയം നടത്തിയിട്ടുള്ളത്. വഖഫ് ഭൂമിയിലെ കോടിക്കണക്കിന് രൂപയുടെ വരുമാനങ്ങള്‍ ക്രമക്കേട് നടത്തി തട്ടിയെടുത്തത് സംബന്ധിച്ച് നിരവധി കേസുകളും നിലവിലുണ്ട്. കോഴിക്കോട് വിജിലന്‍സ് കോടതിയിലും ട്രൈബ്യുണല്‍ കോടതിയിലും കേസുകള്‍ നടന്നുവരികയാണ്. കെകെഎന്‍ കുറുപ്പിനെ ഫോണില്‍ വിളിച്ച് പദ്ധതിയില്‍ നിന്ന് പന്മാറാന്‍ ആവശ്യപ്പെടുകയുണ്ടായി. നാടിനും സമൂഹത്തിനും ഗുണകരമാകുന്ന പദ്ധതിക്കെതിരേ നടക്കുന്ന പ്രചരണം സമൂഹം തിരിച്ചറിയണമെന്നും കുപ്രചാരണങ്ങളിലൂടെ പദ്ധതിയെ ഇല്ലാതാക്കാമെന്നത് വ്യാമോഹമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ കുഞ്ഞിപ്പള്ളി വഖഫ് സംരക്ഷണസമിതി കണ്‍വീനര്‍ സാലിം പുനത്തിലും പങ്കെടുത്തു.
