മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ ദുരന്തം രാജ്യം ദര്‍ശിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു. ദുരന്തം നടന്നതിന് ശേഷം പ്രധാനമന്ത്രി നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും സഹായ വാഗ്ദാനം നല്‍കിയിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ 2000 കോടിരൂപയുടെ പുനരധിവാസപദ്ധതിയും കേന്ദ്രത്തിന് കേരളം സമര്‍പ്പിച്ചു.
ദുരന്തം നടന്ന് എട്ട് മാസം കഴിഞ്ഞിട്ടും ദുരന്ത നിവാരണ പാക്കേജിലേക്ക് ഒരൊറ്റ രൂപപോലും കേന്ദ്രം തന്നില്ല എന്നതാണ് വാസ്തവം. ഇപ്പോള്‍ അനുവദിച്ച 529 കോടി രൂപപോലും വായ്പയായാണ് നല്‍കിയത്. ഇവിടെയാണ് സംസ്ഥാന സര്‍ക്കാരും ജനങ്ങളും ഒന്നിച്ചണിനിരന്ന് ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ ഇന്നലെ നടന്നത്. കേന്ദ്രം ഒന്നും തന്നില്ലെങ്കിലും സമീപ കാലങ്ങളില്‍ സംസ്ഥാനം അനുഭവിച്ച പ്രളയം, കൊവിഡ്, ഉള്‍പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലും ദുരന്തബാധിതരുടെ കണ്ണൂരൊപ്പാന്‍ നടത്തിയ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്.
ദുരന്ത ബാധിതര്‍ക്ക് പുതുപ്രതീക്ഷ നല്‍കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ചൊന്നായാണ് അണിനിരന്നത്. സ്‌കൂള്‍ കുട്ടികള്‍ വരെ അവര്‍ക്ക് ലഭിച്ച നാണയത്തുട്ടുകളടക്കം സഹായമായി നല്‍കി. കേന്ദ്രം കനിഞ്ഞില്ലെങ്കിലും കേരളം തലയുയര്‍ത്തിപ്പിടിച്ച് നിലനില്‍ക്കുമെന്നതിന് സാക്ഷ്യമായി മുഖ്യമന്ത്രി തറക്കല്ലിട്ട ടൗണ്‍ഷിപ്പ് മാറട്ടെ. കേരളത്തോട് കേന്ദ്രം എടുക്കുന്ന സമീപനങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നുണ്ട്.
സംസ്ഥാനത്തെ സാമ്പത്തികമായി പ്രയാസപ്പെടുത്തകയാണെന്ന വാദവുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തുകയുണ്ടായി. രാജ്യത്തിന് ഏറെ സംഭാവന ചെയ്യുന്നവരാണ് മൂന്നരക്കോടി മലയാളികള്‍.
ഇന്ത്യയുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ കനത്ത സംഭാവന ചെയ്ത അതിപ്രഗല്‍ഭരെ സൃഷ്ടിച്ചനാടാണ് കേരളം. ഇക്കാര്യം കേന്ദ്രം ഭരിക്കുന്നവര്‍ മറന്നുപോകരുത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അധികാരം പ്രയോഗിക്കുമ്പോള്‍ സമൂഹമൊന്നാകെയാണ് ക്രൂശിക്കപ്പെടുന്നത്.
സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ വികസനമോ ജനങ്ങളുടെ ആവശ്യങ്ങള്‍ തടയുന്നതോ ആയ രാഷ്ട്രീയത്തിന്റെ കാലമൊക്കെ കഴിഞ്ഞു. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിവൃദ്ധിക്കും ജനങ്ങളുടെ മികച്ച ജീവിതത്തിനും വേണ്ടി ഒരുമിച്ച് കൈകോര്‍ക്കേണ്ട കാലമാണിത്. കേന്ദ്രസര്‍ക്കാരിന്റെ സമീപനം കൂടുതല്‍ കേരളത്തിന്അനുകൂലമുള്ളതാക്കുകയും കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ട സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും വേണം.
വയനാട് ചെറുത്തുനില്‍പിന്റെ പ്രതീകമായി കാലം അടയാളപ്പെടുത്തട്ടെ.