മാവേലിനാട് വാണിരുന്ന മാമലനാട്ടില്‍ മാനവരെല്ലാമൊന്നുപോലെ വസിച്ചിരുന്ന മാമലനാട്ടില്‍ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വീമികളും വക്കം മൗലവിയും അയ്യങ്കാളിയും മറ്റ് മഹാന്മാരായ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ വെളിച്ചം പകര്‍ന്ന കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ഉദ്യോഗ പദവിയിലിരിക്കുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് അവരുടെ നിറത്തിന്റെ പേരില്‍ അവര്‍ക്ക് അപമാനം നേരിടേണ്ടി വന്നു എന്നവര്‍ സമൂഹത്തെ അറിയിക്കുമ്പോള്‍ കേരളത്തിന്റെ മനസാക്ഷി വിതുമ്പുകയാണ്. അവരോട് ആരാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ഇപ്പോള്‍ വ്യക്തമല്ലെങ്കിലും അയാള്‍ പ്രതിനിധീകരിക്കുന്നത് നിന്ദ്യമായ ഒരു സംസ്‌കാരത്തെയാണ് എന്നതാണ് വസ്തുത. പരിഷ്്കൃതമായ കേരളത്തിന്റെ മനസില്‍ ഇരുട്ടു ബാധിച്ച ചിലരുണ്ടെങ്കില്‍ അതിന്റെ പ്രതിനിധിയാണ് ആവ്യക്തിത്വം. സമീപകാലത്ത് തെറ്റായ ചിന്താഗതികള്‍ സ്വാധീനിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അപരിഷ്‌കൃതമായ പലതിന്റെയും തിരിച്ചുവരവിനും കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.
നിറത്തിന്റെ പേരില്‍ വ്യക്തികളെ വിലയിരുത്തുകയും അവരെ അപഹസിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കേരളത്തിന് പുതുമയല്ലാതെ ആയിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സമൂഹത്തിലെ ചെറിയ വിഭാഗം ഇപ്പോഴും ആഢ്യമനോഭാവം പുലര്‍ത്തുന്നുണ്ട് എന്നതാണ് ഇത്തരം സംഭവങ്ങള്‍ വിളിച്ചോതുന്നത്. ഗായിക സയനോര ഫിലിപ്പ്, നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍, കളമശ്ശേരിയിലെ സ്‌കൂള്‍ വിദ്യാര്‍ഥി തന്‍ഹാഫാത്തിമ എന്നിവരുടെ അനുഭവങ്ങള്‍ കേരളം ചര്‍ച്ചചെയ്തതാണ്. കേരളത്തിലെ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നട്ടെല്ല് നിവര്‍ത്തി ജീവിക്കാന്‍ വേണ്ടി പോരാടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോഴാണ് ചീഫ് സെക്രട്ടറിക്കുപോലും ഇത്തരം അനുഭവം ഉണ്ടാകുന്നത് എന്നത് ഇടതുപക്ഷം ആഴത്തില്‍ പരിശോധിക്കേണ്ടതുതന്നെയാണ്. വര്‍ണ വര്‍ഗ ലിംഗ വ്യത്യാസമില്ലാതെ അധ്വാനിക്കുന്നവര്‍ക്കായി പോരാടിയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. സാമൂഹിക നവോത്ഥാന നായകരും കമ്മ്യൂണിസ്റ്റ് നായകരും പോരാടി നേടിയെടുത്ത നവോത്ഥാന സംസ്‌കാരത്തിനേല്‍ക്കുന്ന അടിയാണ് ശാരദാമുരളീധരന്റേതടക്കമുള്ള വെളിപ്പെടുത്തലുകള്‍. സമൂഹത്തില്‍ ഒരുകാലത്ത് നിലനിന്നിരുന്ന തൊട്ടുകൂടായ്മക്കും തീണ്ട് കൂടായ്മക്കുമെതിരെ നമ്മള്‍ നടത്തിയ പോരാട്ടം തുടരേണ്ടി വന്നിരിക്കുകയാണ്.
കറുത്തവരെന്നും വെളുത്തവരെന്നും വ്യത്യാസമില്ലാതെ മാനവരെല്ലാവരുമൊന്നാണെന്ന സന്ദേശത്തിന്റെ പതാക വാഹകരാകാന്‍ ഓരോ കേരളീയനും തയാറാകണം. കേരളത്തെ ഇത്തരം പിന്നോക്കാവസ്ഥയിലേക്ക് പോകാതെ സംസ്‌കാര സമ്പന്നമായ നാടാക്കി മാറ്റാന്‍ നാമോരുത്തരും ശക്തമായി ഇടപെട്ടുകൊണ്ടേയിരിക്കണം.