കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാല്‍ പള്ളി വൈദേശികാക്രമണം നേരിട്ടതിന്റെ ഓര്‍മ്മകള്‍ പുതുക്കി ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍. ഹിജ്‌റ 915 റമസാന്‍ 22 (1510 ജനുവരി 3 ) ന് പോര്‍ച്ചുഗല്‍ നാവികപ്പട അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ നഗരത്തിലെ പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാല്‍ പള്ളി അഗ്‌നിക്കിരയാക്കുകയും പിന്നീട് അതിന്റെ പ്രതികാരമെന്നോണം ചാലിയം കോട്ട ആക്രമിക്കുന്നതിലുള്‍പ്പെടെ മുസ്ലിംകളോടൊപ്പം ചെറുത്ത് നിന്നത് നായര്‍ പടയാളികള്‍ കൂടിയായിരുന്നു.അനുസ്മരണത്തിന്റെ ഭാഗമായി ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തിരുവണ്ണൂരിലുള്ള സാമൂതിരിയുടെ വസതിയില്‍ സ്‌നേഹക്കൂട്ടായ്മ ഒരുക്കി.
മുഖ്യ ആക്ടിങ്ങ് ഖാസി സഫീര്‍ സഖാഫിയുടെ നേതൃത്വത്തില്‍ സാമൂതിരിയുടെ ഭവനത്തിലെത്തിയ ഖാസി ഫൗണ്ടേഷന്‍, മിശ്കാല്‍ പള്ളി ഭാരവാഹികളെസാമൂതിരിയുടെ സെക്രട്ടറി ടി.കെ. രാമവര്‍മ്മയും മകള്‍ സരസിജ രാജയും ചേര്‍ന്ന് സ്വീകരിച്ചു.മനുഷ്യര്‍ തമ്മിലുള്ള വിഭാഗീയതയും അകല്‍ച്ചയും നമ്മുടെ രാജ്യത്ത് അനുദിനം വര്‍ദ്ദിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം മഹനീയമായ ചടങ്ങുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ വര്‍ധിച്ചു വരേണ്ടതുണ്ടെന്ന് ഖാസി സഫീര്‍ സഖാഫി പറഞ്ഞു.
സാമൂതിരിക്കുള്ള ഖാസി ഫൗണ്ടേഷന്റെ ഉപഹാരം ഖാസി സഫീര്‍ സഖാഫിയും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ.കുഞ്ഞാലിയും ചേര്‍ന്ന് സാമൂതിരി കെ.സി. ഉണ്ണി അനുജന്‍ രാജയ്ക്ക് കൈമാറി. ഫൗണ്ടേഷന്‍ സ്ഥാപക അംഗം സി.എ.ഉമ്മര്‍കോയും ഖാസി പരമ്പരയിലെ ഇളം തലമുറ അംഗം എം.വി. റംസി ഇസ്മായിലും ചേര്‍ന്ന് സാമൂതിരിയെ ഷാള്‍ അണിയിച്ചു.
ചടങ്ങില്‍ ഖാസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. മിശ്കാല്‍ പള്ളി സെക്രട്ടറി എന്‍.ഉമ്മര്‍,എം.വി മുഹമ്മദലി സി.പി.മാമുക്കോയ,പി.ടി. ആസാദ്, ആര്‍. ജയന്ത് കുമാര്‍,എം.അബ്ദുള്‍ ഗഫൂര്‍, കെ.വി.അബ്ദുള്‍ ഹമീദ്,വി.പി. റഷീദ്,പാലക്കണ്ടി മൊയ്തീന്‍, ടി.ആര്‍.രാമവര്‍മ്മ, സരസിജ രാജ, എന്‍.സി.അബ്ദുള്ളക്കോയ,ഏ.വി. സെക്കീര്‍, കെ.പി. മമ്മത് കോയ, എന്നിവര്‍ സംസാരിച്ചു.
ഖാസി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എം.വി.റംസി ഇസ്മായില്‍ സ്വാഗതവും ട്രഷറര്‍ കെ.വി. ഇസ്ഹാഖ് നന്ദിയും പറഞ്ഞു.