കോഴിക്കോട്; കോഴിഅറവ് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്ന മലബാര്‍ മേഖലയിലെ 38 ഓളം സ്ഥാപനങ്ങളെ ദ്രോഹിക്കുകയും സ്ഥാപന ഉടമകളെ സാമൂഹിക ദ്രോഹികളായി ചിത്രീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന്മുതല്‍ കോഴിഅറവ് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നത് നിര്‍ത്തി വെയ്ക്കുന്നതായി റെന്ററിംങ് ഓണേഴ്സ് അസോസിയേഷന് ഓഫ് കേരള ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അറവ് മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി സ്ഥാപനമാരംഭിച്ച തങ്ങള്‍ക്ക് സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് എത്തേണ്ടിവന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ കലക്ടര്‍മാര്‍ അധ്യക്ഷനായുള്ള ഡിഎല്എഫ്എംസിയുടെ അംഗീകാരം വാങ്ങി, ബാങ്ക് ലോണ്‍ ഉള്‍പെടെയുള്ള സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തിയാണ് സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
സര്‍ക്കാരിന്റെ മാല്യന്യ മുക്തം പരിപാടിയുടെ ഭാഗമായി ഇറങ്ങിപ്പുറപ്പെട്ട ഞങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് നേരിടേണ്ടിവരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാനസിക പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി കാരണം മുന്നോട്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. അറവ് മാലിന്യ സംസ്കരണ പദ്ധതി ആരംഭിക്കുന്നതിന്മുന്പ ് പൊതുയിടങ്ങളിലും പുഴകളിലും തള്ളിയിരുന്ന മാലിന്യങ്ങളാണ് ഇപ്പോള്‍ ശാസ്ത്രീയമായ രീതിയില്‍ സംസ്കരിച്ച് വരുന്നത്. നിലവിലുള്ള എല്ലാ ശാസ്ത്രീയ ടെക്നോളജിയും ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കോ പ്രകൃതിക്കോ ബുദ്ധിമുട്ടുണ്ടാക്കാതെ വ്യവസായം നടത്തികൊണ്ടുപോകുകയാണ്. കാലിക്കറ്റ് ഐടിഐയുടെ സാങ്കേതിക ഉപദേശം സ്വീകരിച്ചാണ് പ്ലാന്റ് നടത്തിക്കൊണ്ടുപോകുന്നത്. പ്ലാന്റ് നിലനില്‍ക്കുന്നതിനാല്‍ പ്രാദേശവാസികള്‍ക്ക് രോഗങ്ങളുണ്ടായതായോ ജലാശയങ്ങള്‍ മലിനപ്പെട്ടതായോ ശാസ്ത്രീയ റിപ്പോര്‍ട്ടുകളില്ല. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ എല്ലാവിധ പരിശോധനയും പൂര്‍ത്തീകരിച്ചാണ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലമ്പൂരിലെ ബീറ്റന്‍ ആഗ്രോ ഫുഡ്സ് എന്ന സ്ഥാപനത്തിലെ ഏഴോളം വാഹനങ്ങള്‍ ബലമായി തടഞ്ഞുവക്കുകയും തൊഴിലാളികളെ ക്രൂരമായി മര്‍ദിക്കുകയും എട്ട് തൊഴിലാളികള്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്. ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കേസെടുക്കാന്‍ പൊലിസ് ഇതുവരെ തയാറായിട്ടില്ല. സമരമാരംഭിക്കുന്ന വിവരം ജില്ലാകലക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്. വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സുജീഷ് കെ, യൂജിന്‍ ജോണ്സണ്, അമര്‍ ഷാരൂഖ്, ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
