കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ധര്‍മ്മാശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുമ്മ സാംസ്‌കാരിക സമ്മേളനം നാളെ വൈകുന്നേരം 5.30ന് കോട്ടയ്ക്കല്‍ വി.പി.എസ്.വി. ആയൂര്‍വേദ കോളേജ് ഗ്രൗണ്ടില്‍ നടക്കും.
ആര്യവൈദ്യ ശാലയുടെ ഹോണറി ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ (മോഡേണ്‍ മെഡിസിന്‍) ഡോ. പി. ബാലചന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെയും കേരളകലാമണ്ഡലത്തിന്റെയും മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം. വി. നാരായണനും കോട്ടയ്ക്കലിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ. പദ്മനാഭന്‍ മാസ്റ്ററും പ്രഭാഷണങ്ങള്‍ നടത്തും. ‘വൈദ്യരത്നം പി.എസ്. വാരിയരുടെ ധാര്‍മ്മിക പ്രവര്‍ത്ത നങ്ങള്‍’ എന്ന വിഷയത്തെ അധികരിച്ചാണ് പ്രഭാഷണങ്ങള്‍. ചടങ്ങില്‍ ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരന്‍ സ്വാഗതപ്രസംഗവും ചാരിറ്റബിള്‍ ഹോസ്പി റ്റല്‍ സൂപ്രണ്ട് ഡോ. ലേഖ രാജേന്ദ്രന്‍ നന്ദി പറയും.
തുടര്‍ന്ന് 7.00 മണിക്ക് ഇതേവേദിയില്‍ വൈദ്യരത്നം പി.എസ്. വാരിയരുടെ ജീവിതത്തെ ആസ്പദമാക്കി ഇ.പി. രാജഗോപാലന്‍ രചനയും ഇ.വി. ഹരിദാസ് സംവിധാനവും നിര്‍വഹിച്ച് ആര്യവൈദ്യശാല ജീവനക്കാര്‍ അവതരിപ്പിക്കുന്ന ‘സ്ഥാപകന്‍’ നാടകം അരങ്ങേറും.