ബ്യുറോക്രസിയുടെ സ്ഥാപിത താല്‍പര്യങ്ങള്‍ ജനാധിപത്യ സര്‍ക്കാരുകളുടെ ജനക്ഷേമകരമായ പദ്ധതികള്‍ സമയ ബന്ധിതമായി നടക്കുന്നതിന് വിലങ്ങുതടിയാകുന്നത് പുതിയ കാര്യമല്ല. ദൈവം പ്രസാദിച്ചാലും പൂജാരി പ്രസാദിക്കാത്ത അവസ്ഥയാണിത്. ഇത്തരമൊരു അവസ്ഥ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിതന്നെ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തില്‍ പ്രശ്‌നത്തിന്റെ ഗൗരവം ഗുരുതരമാണെന്നര്‍ഥം.
ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി വകുപ്പ് മേധാവികള്‍ക്ക് അറിയിപ്പും നല്‍കിയിട്ടുണ്ട്.യോഗങ്ങളില്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍പോലും ഐഎഎസ് ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്ന ഗുരുതര ആരോപണമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയിട്ടുള്ളത്. തീരുമാനങ്ങള്‍ സമയ ബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മാര്‍ഗ നിര്‍ദേശം തയാറാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രമാണ് ബാക്കിയുള്ളത്.
ഇക്കാലയളവില്‍ സര്‍ക്കാരിന് നിരവധി കാര്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഐഎഎസു കാരുടെ മെല്ലെപോക്ക് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ക ളങ്കമേല്‍ക്കാന്‍ വഴിയുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ മെല്ലെപ്പോക്കിനെകുറിച്ചുള്ള ചര്‍ച്ച ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാര്യങ്ങള്‍ കൃത്യതയോടെയും വേഗതയോടെയും ശുശ് കാന്തിയോടെയും സര്‍ക്കാര്‍ ജീവനക്കാര്‍ ചെയ്തിരുന്നുവെങ്കില്‍ കുറെകൂടി മികച്ച റിസല്‍ട്ട് ഉണ്ടാവുമായിരുന്നു എന്നതില്‍ സംശയമില്ല. സര്‍വീസ് സംഘടനകളെല്ലാം ഇക്കാര്യത്തിലിപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ജീവനക്കാരോട് അവരുടെ ഉത്തരവാദിത്തം നന്നായി നിറവേറ്റാന്‍ സര്‍വ്വീസ് സംഘടനകള്‍ നിര്‍ദേശിക്കുന്നതും മികച്ച സര്‍വീസ് രംഗം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് അഭിനന്ദനാര്‍ഹമാണ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടനെ മുഖ്യമന്ത്രി പറഞ്ഞത് ഓരോ ഫയലും ഒരു ജീവിതമാണെന്നാണ്. അതുകൊണ്ടുതന്നെ ഒറ്റഫയലും വച്ച് താമസിപ്പിക്കരുതെന്നാണ്. ഇക്കാര്യം മുറുകെ പിടിച്ചാവണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മനോഭാവനം രൂപപ്പെടേണ്ടത്. സാധാരണക്കാരും പാവങ്ങളുമായ ആളുകള്‍ അവരുടെ നീറുന്ന പ്രശ്‌നങ്ങളാണ് സര്‍ക്കാരിന് മുന്‍പില്‍ അവതരിപ്പിക്കുന്നത്. അതെല്ലാം കൃത്യമായി പരിഹരിക്കപ്പെടണം.
സംസ്ഥാന കാര്യത്തില്‍ മുന്നോട്ട് പോകേണ്ട ഘട്ടത്തില്‍ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ അക്കാര്യത്തില്‍ ജാഗ്രതയോടെ നടപ്പാക്കണം. മുഖ്യമന്ത്രിയുടെ വിമര്‍ശനം ഉള്‍കൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ മെല്ലെപോക്കിന് അറുതിവരുമെന്ന് പ്രതീക്ഷിക്കാം.