മയക്കുമരുന്നിനെതിരെ ക്യാംപയിനുമായി ഫ്രണ്ട്സ് ഓഫ് യോഗ
കോഴിക്കോട്: മയക്കുമരുന്ന് വ്യാപനത്തിലും കുറ്റകൃത്യങ്ങളുടെ ബാഹുല്യത്തിലും വിറങ്ങലിച്ചുനില്‍ക്കുന്ന കേരളത്തെ രക്ഷിക്കാനായി പ്രതിരോധ കവചമൊരുക്കി ഫ്രണ്ട്‌സ് ഓഫ് യോഗ. 2025 മാര്‍ച്ച് 16 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് എരഞ്ഞിപ്പാലത്തെ കാലിക്കറ്റ് സഫയര്‍ ഹാളില്‍ ജില്ലാതല ശില്പശാല നടക്കും. ശില്‍പശാലയില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.
മയക്കുമരുന്നിന്റെ വിപത്തിനെകുറിച്ച് സമൂഹത്തെ ബോധവല്‍കരിക്കാന്‍ വിപുലമായ ക്യാമ്പയിന്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ഫ്രണ്ട്‌സ് ഓഫ് യോഗ ഓള്‍ ഇന്ത്യ കോ-ഓഡിനേറ്റര്‍ രാജന്‍ തേങ്ങാപറമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുജനങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ആരോഗ്യ-മാനസിക കൂട്ടായ്മകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികളെ മയക്കുമരുന്ന് ലോബി ലക്ഷ്യ മിടുന്നതിനാല്‍ കുട്ടികളുമായി രക്ഷിതാക്കളുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് ശില്‍പശാല സംഘടിപ്പിക്കും.
മാതാ-പിതാ-ഗുരു ബന്ധങ്ങളെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസെടുക്കും. മയക്കുമരുന്നിനെ പ്രതിരോധിക്കുന്ന ഒരു സമൂഹം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ശില്‍പശാലക്ക് ശേഷം നഗരത്തില്‍ മയക്കുമരുന്ന് വിരുദ്ധറാലി സംഘടിപ്പിക്കും. റാലിയോടനുബ ന്ധിച്ച് പൊലിസ്, എക്‌സൈസ്, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ സംസാരിക്കും. ക്യാംമ്പയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുക യാണ് ലക്ഷ്യം. ‘മയക്കുമരുന്ന് വ്യാപനം തടയാന്‍ സംസ്ഥാനമൊട്ടുക്കും കൂട്ടായ്മകള്‍ രൂപീകരിക്കാനും പരിപാടിയുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ രാജന്‍ തേങ്ങാപറമ്പത്ത്, രമേശ് ബാബു കാളൂര്‍, ബാലന്‍ കെ.കെ, റഹീം, ടി.ടി. ഉമ്മര്‍, കെ.പി. രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.