ഊരാളുങ്കലിന്റെ ഇന്റര്‍ ലോക് ടൈല്‍സ് യൂണിറ്റിന് വ്യവസായസുരക്ഷാപുരസ്‌ക്കാരം 2024 സമ്മാനിച്ചു
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കോട്ടയം പാലാ ഇന്റര്‍ലോക്ക് ടൈല്‍സ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിടസ്ഥാപനത്തിനുള്ള സര്‍ക്കാര്‍ പുരസ്‌ക്കാരം. കേരളസര്‍ക്കാരിന്റെ ഫാക്റ്ററീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ 2024-ലെ ‘കേരളസംസ്ഥാന വ്യാവസായികസുരക്ഷിതത്വ അവാര്‍ഡ്’ സഹകരണമന്ത്രി വി. എന്‍. വാസവന്‍ സമ്മാനിച്ചു. പ്ലാസ്റ്റിക്, ആയുര്‍വ്വേദൗഷധം, സ്റ്റോണ്‍ ക്രഷര്‍, ഐസ് പ്ലാന്റ് തുടങ്ങിയ മേഖലകളിലെ 20 വരെ തൊഴിലാളികളുള്ള ഫാക്റ്ററിവിഭാഗത്തിലാണ് അവാര്‍ഡ്.
ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. പി. ജിനേഷ്, സൈറ്റ് ലീഡര്‍ പി. ടി. പ്രദീപ്, യൂണിറ്റ്‌സ് മാനേജര്‍ ശരത്‌ലാല്‍, എന്‍വയമെന്റ് മാനേജര്‍ ബി. രാജേഷ്, അസി. മാനേജര്‍ ആര്‍. ജി. രാഹുല്‍, സീനിയര്‍ അക്കൗണ്ടന്റ് ബിജുകുമാര്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി. കെ. പ്രശാന്ത്, തൊഴില്‍ വകുപ്പു സെക്രട്ടറി ഡോ. കെ. വാസുകി, ഫാക്റ്ററീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടര്‍ പി. പ്രമോദ്, മലിനീകരണനിയന്ത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ഡോ. എ. എം. ഷീല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിവിധഘടകങ്ങളിലെ മികവാണ് സൊസൈറ്റിയുടെ യൂണിറ്റിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്. ഒറ്റ മേല്‍ക്കൂരയ്ക്കുകീഴെ പൂര്‍ണ്ണമായും കവചിതമായാണ് യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. അഗ്‌നിരക്ഷയ്ക്കുള്ള മികച്ച സംവിധാനങ്ങളും ജലസംഭരണിയും അഗ്‌നിസുരക്ഷാവകുപ്പുമായി ചേര്‍ന്നും അല്ലാതെയും നടത്തുന്ന മോക് ഡ്രില്ലുകളടക്കം തൊഴിലാളികള്‍ക്കു നല്കുന്ന കൃത്യമായ സുരക്ഷാപരിശീലനവും അവാര്‍ഡ് കമ്മിറ്റി പരിഗണിച്ചു.
തൊഴിലാളികളുടെ ആരോഗ്യസുരക്ഷയ്ക്കു മുന്തിയ പരിഗണന നല്കുന്ന സൊസൈറ്റി തൊഴിലാളികളെ റൊട്ടേഷന്‍ രീതിയില്‍ നിരന്തരം മാറ്റുകയും യഥാസമയം ആരോഗ്യപരിശോധനകള്‍ നടത്തുകയുമെല്ലാം ചെയ്യുന്നുണ്ട്. എല്ലാ അനുമതികളോടെയും എല്ലാ നിയമവും പാലിച്ചു പ്രവര്‍ത്തിക്കുന്ന ഇന്റര്‍ലോക്ക് യൂണിറ്റ് സുരക്ഷാസംബന്ധമായ എല്ലാ രേഖകളും ശാസ്ത്രീയമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഇക്കാര്യങ്ങളും ഒന്നാം സ്ഥാനത്തേക്കു തെരഞ്ഞെടുക്കാന്‍ സഹായകമായി.