ഷഹ്‌സാദി ഖാന്റെ വധശിക്ഷ; അമര്‍ഷത്തില്‍ ഇന്ത്യ
ദുബൈ: യുപി സ്വദേശി ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയ ഉടന്‍ ഇന്ത്യയെ യുഎഇ ഇക്കാര്യം അറിയിക്കാത്തില്‍ വിദേശകാര്യമന്ത്രാലയത്തിന് അമര്‍ഷം. വധശിക്ഷ നടപ്പാക്കിയ ശേഷവും നിയമസഹായം തുടരുന്നു എന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയിരുന്നത്.
യുഎഇയില്‍ ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയതില്‍ അമര്‍ഷത്തിലാണ് ഇന്ത്യ. വധശിക്ഷ നടപ്പാക്കി 12 ദിവസത്തിനു ശേഷമാണ് ഇന്ത്യയെ അറിയിച്ചത്. യുപിയിലെ ബാന്‍ഡ സ്വദേശി ഷഹ്‌സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കിയത് കഴിഞ്ഞ മാസം പതിനഞ്ചിനാണ്. എന്നാല്‍ ഇന്ത്യയെ ഇക്കാര്യം അറിയിച്ചത് 28നാണെന്ന് വിദേശകാര്യമന്ത്രാലയം ദില്ലി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
24 മണിക്കൂറിനുള്ള തന്റെ വധശിക്ഷ നടപ്പാക്കുമെന്ന് ഷെഹ്‌സാദി ഖാന്‍ വീട്ടുകാരെ ടെലിഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. അവസാന ആഗ്രഹം എന്ന നിലയ്ക്കാണ് ഈ ഫോണ്‍വിളിക്ക് യുഎഇ അധികൃതര്‍ അനുമതി നല്‍കിയത് എന്നാണ് സൂചന. ഷഹ്‌സാദിയുടെ പിതാവ് ഈ വിവരം ഉടന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിക്ക് കിട്ടിയ വിവരം വധശിക്ഷ നടപ്പാക്കിയില്ല എന്നായിരുന്നു. നിയമസഹായത്തിനുള്ള നടപടികള്‍ തുടര്‍ന്നും എംബസി സ്വീകരിക്കുകയും ചെയ്തു.
അഭിഭാഷകനെ ഏര്‍പ്പെടുത്താനും അപ്പീല്‍ നല്‍കാനും ദയാഹര്‍ജി നല്‍കാനുമൊക്കെ എംബസി ഇടപെട്ടിരുന്നു. എന്നാല്‍ വധശിക്ഷ നടപ്പാക്കിയത് അറിയാനാകാത്തത് വിദേശകാര്യ ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരിക്കുകയാണ്. യുപിയിലെ തന്നെ ആഗ്രയിലെ ഒരു കുടുംബത്തോടൊപ്പമാണ് ഷഹ്‌സാദി കെയര്‍ഗീവറായി അബുദാബിയിലേക്ക് പോയത്. നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചതില്‍ തനിക്ക് പങ്കുണ്ട് എന്ന ഷെഹ്‌സാദിയുടെ വീഡിയോ തെളിവാക്കിയാണ് കോടതി വധശിക്ഷ നല്‍കിയത്. എന്നാല്‍ വീട്ടുകാര്‍ ഈ വീഡിയോ ഭീഷണിപ്പെടുത്തി റെക്കോഡ് ചെയ്തു എന്നാണ് ഷഹ്‌സാദിയുടെ കുടുംബം ആരോപിക്കുന്നത്. 33 കാരിയായ ഷഹ്‌സാദി ഖാന്റെ സംസ്‌കാരം നാളെ യുഎഇയില്‍ തന്നെ നടക്കും.