അപസ്മാര രോഗികള്‍ക്ക് ആശ്വാസം; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ കിരണം പദ്ധതി പ്രഖ്യാപിച്ചു

അപസ്മാര രോഗികള്‍ക്ക് ആശ്വാസം; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ കിരണം പദ്ധതി പ്രഖ്യാപിച്ചു

അപസ്മാര രോഗികള്‍ക്ക് ആശ്വാസം; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ കിരണം പദ്ധതി പ്രഖ്യാപിച്ചു

കോഴിക്കോട് : അപസ്മാര രോഗത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് ആശ്വാസമേകിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ‘കിരണം’ പദ്ധതി പ്രഖ്യാപിച്ചു. ആസ്റ്റര്‍ വളണ്ടിയേഴ്സിന്റെയും, തണലിന്റെയും സഹകരണത്തോടെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വെച്ചാണ് തണല്‍ പദ്ധതി പ്രകാരം സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ നൂറ് പേര്‍ക്ക് അപസ്മാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുവാനും, ജീവിതത്തിലേക്ക് തിരികെയെത്തിക്കുവാനും സാധിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തില്‍ വെച്ച് തണലിന്റെ ചെയര്‍മാന്‍ ഡോ. ഇദ്രീസ് ആണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.

മരുന്നുകൊണ്ട് ഭേദമാക്കുവാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലാണ് പലപ്പോഴും അപസ്മാരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ശസ്ത്രക്രിയയിലൂടെ മിക്കവാറും രോഗികളില്‍ ഈ രോഗാവസ്ഥയെ ഭേദമാക്കുവാനോ നിയന്ത്രിച്ച് നിര്‍ത്തുവാനോ സാധിക്കാറുണ്ട്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ഈ ഒരു കാരണം കൊണ്ട് മാത്രം രോഗത്തില്‍ നിന്നുള്ള മുക്തി അന്യം നിന്നു പോകുന്നു. അതീവ ഗൗരവതരമായ ഈ സാഹചര്യത്തെ ഫലപ്രദമായി അഭിമുഖീകരിക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് ‘കിരണം” പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് ലോഗോപ്രകാശനം നടത്തിക്കൊണ്ട് ഡോ. ഇദ്രീസ് പറഞ്ഞു.

18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് കിരണം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാവുക. ശസ്ത്രക്രിയയുടെ ചെലവ് ഏറെക്കുറെ പൂര്‍ണ്ണമായും പദ്ധതിയില്‍ ഉള്‍പ്പെടും. മരുന്നുകളുടേയും മറ്റും ചെലവുകള്‍ മാത്രമാണ് ഈ പദ്ധതിയില്‍ രോഗി വഹിക്കേണ്ടതായി വരുന്നത്. ഇന്ത്യയിലുടനീളമുള്ള 18 വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കിരണം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.

ആസ്റ്റര്‍ മിംസ് സി ഒ ഒ ലുക്മാന്‍ പൊന്മാടത്ത്, ഡയറക്ടര്‍ ഡോ. പി എം ഹംസ, ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ജേക്കബ് ആലപ്പാട്ട്, സി എം എസ് ഡോ. എബ്രഹാം മാമ്മന്‍, ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫല്‍ ബഷീര്‍, ഡോ. സുരേഷ് കുമാര്‍, ഡോ. മുരളീകൃഷ്ണന്‍, ഡോ. അബ്ദുറഹ്‌മാന്‍, ഡോ. കിഷോര്‍, ഡോ. സ്മിലു മോഹന്‍ലാല്‍, ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതലറിയുന്നതിന് 8113098000 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Share

Leave a Reply

Your email address will not be published. Required fields are marked *