പവിഴം റൈസ് നെല്ലുല്പാദനത്തിന് സിംബാബ്വേയിലേക്ക്
അങ്കമാലി: ഇന്ത്യയിലെ ഏറ്റവും വലിയ മട്ട അരി ഉത്പാദകരായ പവിഴം റൈസ് ഗ്രൂപ്പ് കാര്‍ഷിക മേഖലയില്‍ നടത്തിവരുന്ന സംഭാവനകള്‍, ഇടപെടലുകള്‍, ഗവേഷണം, എന്നിവ പരിഗണിച്ചുകൊണ്ട് സിംബാവെയില്‍ 2000 ഹെക്ടറില്‍ നെല്‍ കൃഷി ആരംഭിക്കാന്‍ സിംബാവേ വ്യവസായ മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോഡിയും, ഇന്ത്യയിലെ സിംബാവേ അംബാസിഡര്‍ ഹേര്‍ എക്സില്ലന്സി സ്റ്റെല്ല നിങ്കോമോയും ചേര്‍ന്ന് പവിഴം ആസ്ഥാന കാര്യാലയത്തില്‍ ചേര്‍ന്ന കൂടിക്കാഴ്ചയില്‍ താല്പര്യം അറിയിച്ചു. സിംബാവെയിലെ നെല്‍കൃഷി സാധ്യതകള്‍, നെല്‍കൃഷിയില്‍ നൂതന സാങ്കേതിക വിദ്യ സംയോജനം, കാര്‍ഷിക വികസനം, കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവ സാധ്യമാക്കനാണ് ഈ ക്ഷണം. ഇത് സംബന്ധിച്ച ക്ഷണക്കത്ത് ചടങ്ങില്‍ വെച്ച് പവിഴം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എന്‍.പി ആന്റണിക്ക് സിംബാവേ ട്രേഡ് കമ്മിഷണര്‍ കൈമാറി. ചടങ്ങില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളി, പവിഴം ഗ്രൂപ്പ് ചെയര്മാന് എന്‍.പി ജോര്‍ജ് , കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മായാ കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.