കമ്പനി അവകാശങ്ങള്‍ തടഞ്ഞുവച്ചു; മലപ്പുറം സ്വദേശിക്ക് യാബ് ലീഗല്‍ സര്‍വീസസിലൂടെ പരിഹാരം
ദുബായ്: ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായാണ് ഉണ്ണികൃഷ്ണന്‍ 2019 മുതല്‍ 2024 വരെ ജോലി ചെയ്തിരുന്നത്. ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള വേതനമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കാത്തതിനാലും കമ്പനിയുടമയുടെ മോശമായ പെരുമാറ്റവും വേതനം നല്കാന്‍ വൈകുന്നതും കാരണം ഉണ്ണികൃഷ്ണന്‍ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയുണ്ടായി. ജോലി നിര്‍ത്തുന്ന അവസരത്തില്‍ ലഭിക്കാനുള്ള അവസാന നാലുമാസത്തെ വേതനം നല്‍കാനോ നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനോ കമ്പനിയുടമ തയ്യാറായില്ല. തുടര്‍ന്ന് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിലായ മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉണ്ണികൃഷ്ണന്‍ കമ്പനിയുടമ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് സലാം പാപ്പിനിശ്ശേരി ഉള്‍പ്പെടെയുള്ള ലീഗല്‍ ടീം കേസ് ഏറ്റെടുക്കുകയും ഉണ്ണികൃഷ്ണന് നിയമ സേവനം നല്‍കുകയും ചെയ്തു. നിയമോപദേശപ്രകാരം ഉണ്ണികൃഷ്ണന്‍ തൊഴില്‍ കരാര്‍ രേഖകള്‍, തൊഴില്‍ വേതന രേഖകള്‍, ഇതുവരെയുള്ള സര്‍വീസ് അലവന്‍സ്, ലീവ് അലവന്‍സ് മുതലായ അവകാശങ്ങള്‍ കാണിച്ചു കൊണ്ട് ലേബര്‍ കോടതിയില്‍ പരാതി നല്‍കി. ഈ പരാതിക്കെതിരായി കമ്പനിയുടമ മറുപടി മെമ്മോറാണ്ടം സമര്‍പ്പിച്ചു.
അതില്‍ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ണികൃഷ്ണന് എല്ലാവിധത്തിലുള്ള അവകാശങ്ങളും നല്‍കിയിട്ടുണ്ടെന്നാണ് കമ്പനി കോടതിയെ ബോധിപ്പിച്ചത്. എന്നാല്‍ തൊഴിലാളിക്ക് ലഭിക്കേണ്ട അലവന്‍സും ഗ്രാറ്റുവിറ്റിയും അവസാന നാലു മാസത്തെ ശമ്പളവും ലഭിച്ചിട്ടില്ല എന്ന് കാണിച്ചു യാബ് ലീഗല്‍ സര്‍വീസസ് വാദിച്ചു. ഇരുവരുടെയും വാദവും രേഖകളും നിരീക്ഷിച്ച കോടതി കമ്പനിയുടമ നല്‍കിയ വാദങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഇല്ലെന്നും ന്യായം ഉണ്ണികൃഷ്ണന്റെ പക്ഷത്തുമാണെന്ന് കണ്ടെത്തുകയും കമ്പനി അദ്ദേഹത്തിന് എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പടെ 44455 ദിര്‍ഹംസ് (പത്തു ലക്ഷം രൂപ) നല്‍കുവാനും ലേബര്‍ കോടതി ഉത്തരവിട്ടു.
തുടര്‍ന്ന് വിധിക്കപ്പെട്ട തുക ലഭിക്കുവാനായി എക്‌സിക്യുഷന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അതിന്റെ ഭാഗമായി കമ്പനിയുടെ പ്രോപ്പര്‍ട്ടി പിടിച്ചെടുക്കല്‍, ബാങ്ക് അകൗണ്ട് മരവിപ്പിക്കല്‍, വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ എന്നിവക്ക് അപേക്ഷിച്ചു. ഉടനെത്തന്നെ കമ്പനി, നല്‍കുവാനുള്ള ആനുകൂല്യങ്ങള്‍ കോടതിയില്‍ അടക്കുകയാണുണ്ടായത്.