നവകേരളം സ്ത്രീപക്ഷമാകണം: മന്ത്രി വീണാ ജോര്‍ജ്ജ്

നവകേരളം സ്ത്രീപക്ഷമാകണം: മന്ത്രി വീണാ ജോര്‍ജ്ജ്

നവകേരളം സ്ത്രീപക്ഷ കേരളം ആക്കുകയാണു ലക്ഷ്യമെന്ന് വനിത-ശിശുവികസന, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ പോലെതന്നെ സ്ത്രീകളുടെ തൊഴില്‍ നേടാനുള്ള അവകാശവും സംരക്ഷിക്കുന്നതാകണം നാം സൃഷ്ടിക്കുന്ന നവകേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ‘സൃഷ്ടി, സ്വാതന്ത്ര്യം: പ്രതിസന്ധികളും അവസരങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വനിതാ സെമിനാര്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

”വിദ്യാഭ്യാസരംഗത്തെ സ്ത്രീപ്രാതിനിദ്ധ്യം തൊഴില്‍രംഗത്തില്ല. ഗൗരവമുള്ള ഈ പ്രശ്‌നത്തിന്റെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. ഐറ്റി സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന യുവതികള്‍ പ്രസവത്തിനായി അവധിയെടുത്താല്‍ തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിയുണ്ട്. അവധി കഴിഞ്ഞു വീണ്ടും തൊഴിലിനു ശ്രമിക്കുമ്പോള്‍ വലിയൊരു വിടവ് ഉണ്ടാകുന്നു. ഇതടക്കം പല കാരണങ്ങളാലും, തൊഴില്‍ ഉണ്ടായിരുന്നവരെക്കൂടി തൊഴില്‍രഹിതരാക്കുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു.

ജോലിയിലേക്കു തിരികെ വരാന്‍ ശ്രമിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും പലതരം നൈപുണ്യപരിശീലനങ്ങളും വൈദഗ്ദ്ധ്യങ്ങള്‍ കാലികമാക്കലും ആത്മവിശ്വാസം വളര്‍ത്തലും ആവശ്യമാണ്. സ്വന്തം സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധനപിന്തുണയും കൈത്താങ്ങും നിയമപിന്തുണ അടക്കമുള്ള മറ്റു പിന്തുണകളും ഉറപ്പാക്കണം. ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഈ രംഗത്തു ഗണ്യമായ സംഭാവന ചെയ്യാനാകുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

ആരോഗ്യസൂചികകളില്‍ കേരളത്തെ ഒന്നാമതാക്കുന്നതില്‍ സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മാതൃമരണനിരക്ക്, ശിശുമരണനിരക്ക്, സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം തുടങ്ങിയവയും ഉയര്‍ന്ന സാക്ഷരതയും വിദ്യാഭ്യാസവും പ്രധാനപങ്കു വഹിക്കുന്നുണ്ടെന്ന് ഉദ്ഘാടനച്ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച കേരള വനിതാക്കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി ചൂണ്ടിക്കാട്ടി.

കാനത്തില്‍ ജമീല എംഎല്‍എ, വിഴിഞ്ഞം പേര്‍ട്ട് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. പി. ബിന്ദു, വടകര ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഗിരിജ, പയ്യോളി മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ പത്മശ്രീ പള്ളിവളപ്പില്‍ ആശംസ നേര്‍ന്നു. പി. സതീദേവി, ഡോ. ദിവ്യ എസ്. അയ്യര്‍, വിധു വിന്‍സെന്റ്, ആര്‍. രാജശ്രീ, ശീതള്‍ ശ്യാം എന്നിവര്‍ പങ്കെടുത്ത സെമിനാര്‍ നടന്നു. സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്കി. ഡയറക്ടര്‍മാരായ ശ്രീജ മുരളി സ്വാഗതവും ലുബിന നന്ദിയും പറഞ്ഞു.

 

 

നവകേരളം സ്ത്രീപക്ഷമാകണം: മന്ത്രി വീണാ ജോര്‍ജ്ജ്

 

Share

Leave a Reply

Your email address will not be published. Required fields are marked *