പഞ്ചാബില്‍ ഇല്ലാത്ത വകുപ്പിന് മന്ത്രി

പഞ്ചാബില്‍ ഇല്ലാത്ത വകുപ്പിന് മന്ത്രി

ചണ്ഡീഗഡ്: പഞ്ചാബിലെ ഭഗവന്ത് മന്‍ മന്ത്രി സഭയിലാണ് ഇല്ലാത്ത വകുപ്പിന് ഒരു മന്ത്രി. 21 മാസമാണ് പഞ്ചാബ് സര്‍ക്കാരില്‍ കുല്‍ദീപ് സിങ് ധലിവാള്‍ ഇല്ലാത്ത വകുപ്പില്‍ മന്ത്രിയായിരുന്നത്. ഭരണ പരിഷ്‌കാര വകുപ്പായിരുന്നു കുല്‍ദീപ് സിങ് വഹിച്ചിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്ഞാപനത്തിലാണ് ഭരണ പരിഷ്‌കാര വകുപ്പ് എന്നൊരു വകുപ്പ് പോലും നിലവിലുണ്ടായിരുന്നില്ലെന്ന് പറയുന്നത്.

ഭരണ പരിഷ്‌കാര വകുപ്പിനായി ഉദ്യോഗസ്ഥരില്ല, ഒരു യോഗം പോലും വകുപ്പുമായി ബന്ധപ്പെട്ട് നടന്നിട്ടുമില്ല. എന്നിട്ടും കുല്‍ദീപ് സിങ് ധലിവാള്‍ 21 മാസമാണ് വകുപ്പ് മന്ത്രിയായി ചുമതല വഹിച്ചു.കുല്‍ദീപ് സിങ് ധലിവാളിന് എന്‍ആര്‍ഐ അഫയേഴ്‌സ് വകുപ്പിന്റെ ചുമതല മാത്രമാണുള്ളത് എന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്.

2023 ലെ മന്ത്രിസഭാ പുനഃസംഘടനയില്‍ കുല്‍ദീപ് സിങില്‍ നിന്നും കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് എടുത്തുമാറ്റിയിരുന്നു. എന്നാല്‍ എന്‍ ആര്‍ ഐ ക്ഷേമ വകുപ്പ് നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇത് പഞ്ചാബില്‍ പുതിയ വിവാദത്തിന് കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്. ഭഗവന്ത് മന്‍ നയിക്കുന്ന എഎപി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ പുതിയ തെളിവാണിതെന്ന് ബിജെപി ആരോപിച്ചു.

നിലവിലില്ലാത്ത ഒരു വകുപ്പിന് ഒരു മന്ത്രിയെ നിയമിക്കുക എന്നത് സര്‍ക്കാരിന്റെ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത് എന്ന് പഞ്ചാബ് ബിജെപി ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ്മ കുറ്റപ്പെടുത്തി. വകുപ്പ് അനുവദിച്ചവര്‍ക്കും അതിന്റെ ചുമതല വഹിച്ചവര്‍ക്കും ഇത്തരത്തില്‍ ഒരു വകുപ്പ് നിലവില്ലെ എന്നുപോലും ബോധ്യമില്ലായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.

മന്ത്രിക്ക് വകുപ്പുകളെ കുറിച്ച് പോലും അറിയില്ല, ഡല്‍ഹിയില്‍ നിന്ന് റിമോട്ടില്‍ നിയന്ത്രിക്കുന്ന സര്‍ക്കാരാണ് പഞ്ചാബിലേത് എന്നും ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ സംഭവത്തെകുറിച്ച് പരിഹസിച്ചു.

 

 

 

പഞ്ചാബില്‍ ഇല്ലാത്ത വകുപ്പിന് മന്ത്രി

Share

Leave a Reply

Your email address will not be published. Required fields are marked *