മുക്കം: പന്നിക്കോട് എ യു പി സ്‌കൂള്‍ സംഘടിപ്പിച്ച അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം നേടിയ കക്കാട് ജി.എല്‍.പി സ്‌കൂള്‍ ടീമിനെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. അനുമോദന ചടങ്ങ് വാര്‍ഡ് മെമ്പര്‍ എടത്തില്‍ ആമിന ഉദ്ഘാടനം ചെയ്തു. വ്യവസായ സംരഭകനും റസാസ് ഫുഡ് പ്രൊഡക്ട് മാനേജിംഗ് ഡയരക്ടറുമായ റസാഖ് കൊടിയത്തൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ടീം അംഗങ്ങള്‍ക്കുള്ള മുക്കം വിക്ടറി ഏജന്‍സീസിന്റെ ഉപഹാരം അന്‍ഷിദ ഫാന്‍സി ഉടമ കെ.സി കാസിം സമ്മാനിച്ചു. പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ അധ്യാപകരായ ജി ഷംസു മാസ്റ്റര്‍, ഷാക്കിര്‍ പാലിയില്‍, പി.ടി വിജില, ഇ.പി ഫര്‍സാന, ഗീതു ദാസ്, പി ഫസീല, റജുല, ഹന്‍ഫ സി.എ, ഷില്‍ന പര്‍വീണ്‍, ഷീബ, വിപിന്യ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ റഷാദ് മാളിയേക്കല്‍, ടി.ടി റിയാസ്, ഷബ്ന എടക്കണ്ടിയില്‍, ഷാഹിന തോട്ടത്തില്‍, സ്‌കൂള്‍ ലീഡര്‍ നാബിഹ് അമീന്‍ കെ.സി, ഡെപ്യൂട്ടി ലീഡര്‍ ഷാദിയ എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഈ അക്കാദമിക് വര്‍ഷത്തെ സ്‌കൂളിനുള്ള രണ്ടാമത്തെ ഫുട്ബോള്‍ കിരീടമാണിത്. എണ്ണായിരം രൂപ പ്രൈസ് മണിക്കായി ലഹരിക്കെതിരെ മംഗലശ്ശേരി ഗ്രൗണ്ടില്‍ നടന്ന മുക്കം ഉപജില്ലാ തല ഫുട്ബോളില്‍ സ്‌കൂള്‍ ടീം റണ്ണേഴ്സായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബുല്‍ കലാം ആസാദിന്റെ സ്മരണാര്‍ത്ഥം കുമാരനെല്ലൂര്‍ സ്‌കൂള്‍ നടത്തിയ ഉപജില്ലാ തല ക്വിസ് മത്സരത്തിലും കക്കാട് ടീമിനായിരുന്നു കിരീടം. കൂടാതെ കായിക മേളകള്‍, കലോത്സവങ്ങള്‍, പ്രവൃത്തി പരിചയമേള, ഗണിത-ശാസ്ത്ര മേളകള്‍, പഞ്ചായത്ത്-ഉപജില്ല-കന്ദമംഗലം ബി.ആര്‍.സി തലങ്ങളില്‍ നടന്ന വിവിധ മത്സരങ്ങളിലും മിന്നുന്ന നേട്ടം കാഴ്ചവെക്കാന്‍ സ്‌കൂളിനും കുട്ടികള്‍ക്കും സാധിച്ചിരുന്നു.
കേരളത്തിലെ ഒരു സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയത്തിലും ഇല്ലാത്തത്ര എന്‍ഡോവ്മെന്റുകളാണ് സ്‌കൂളില്‍ വര്‍ഷം തോറും നല്‍കിവരുന്നത്. മൂന്നുവര്‍ഷമായി പ്രത്യേക പരീക്ഷയുടെയും ജൂറിയുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കായി ആയിരം രൂപ വീതം അരലക്ഷത്തിലേറെ രൂപയുടെ എന്‍ഡോവ്മെന്റ് സമര്‍പ്പണവും എല്ലാ വര്‍ഷവും സ്‌കൂള്‍ വാര്‍ഷികത്തില്‍ വിതരണം ചെയ്തുവരുന്നു. കുട്ടികളില്‍ ശുചിത്വശീലം വളര്‍ത്തുന്നതിനായി ഏറ്റവും മികച്ച ക്ലാസായി തെരഞ്ഞെടുക്കപ്പെടുന്ന ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കുമായി അയ്യായിരം രൂപയുടെ സൗജന്യ പഠനോപകരണങ്ങളും സമ്മാനിച്ചുവരുന്നു.
25000 രൂപയുടെ പ്രൈസ് മണിയൊരുക്കി സ്‌കൂള്‍ പി.ടി.എ പ്രീപ്രൈമറി കുട്ടികളെയും എല്‍.പി വിഭാഗം കുട്ടികളെയും പങ്കെടുപ്പിച്ച് ഈയിടെ സ്‌കൂളില്‍ നടത്തിയ മൈലാഞ്ചി മൊഞ്ച് എന്ന ഒപ്പന ഫെസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുസ്തകവണ്ടി, പാട്ടുവണ്ടി, പരിസ്ഥിതി ഫീല്‍ഡ് ട്രിപ്പ്, പഠനയാത്രകള്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും വ്യത്യസ്തങ്ങളുമായ വിവിധ പരിപാടികളും സ്‌കൂളില്‍ നടക്കുകയുണ്ടായി.
മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സര്‍ക്കാര്‍ യു.പി സ്‌കൂളായി ഉയര്‍ത്താനാണ് സ്‌കൂള്‍ പി.ടി.എയും നാട്ടുകാരും ശ്രമിക്കുന്നത്. സൗജന്യ ഉച്ചഭക്ഷണത്തിനും യൂണിഫോമിനും പാഠപുസ്തകങ്ങള്‍ക്കും പുറമെ, എല്ലാ ദിവസവും രാവിലെ 11.30-ഓടെ കുട്ടികള്‍ക്ക് പോഷകസമൃദ്ധമായ കുറിയരിക്കഞ്ഞിയും സ്‌കൂളില്‍ സ്ഥിരമായി നല്‍കിവരുന്നുണ്ട്.
ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ തീര്‍ത്തും സൗജന്യമാണ് സ്‌കൂളിലെ പ്രവേശനം. പ്രീപ്രൈമറി ക്ലാസുകളിലും പ്രവേശനം സൗജന്യമാണ്. പ്രീ പ്രൈമറി മുതല്‍ നാലുവരെയുള്ള ക്ലാസുകളിലേക്ക് നേരത്തെ അഡ്മിഷന്‍ പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് പി.ടി.എ വക സൗജന്യമായി റെയിന്‍ കോട്ടും നല്‍കുന്നുണ്ട്.
നേട്ടങ്ങളുടെ നിറവില്‍ കക്കാട് ജി.എല്‍.പി എസ്;
സ്‌കൂളിലെ ഫുട്‌ബോള്‍ ടീമിനെ ആദരിച്ചു