ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതി പരിഗണിക്കാന്‍ അധികാരമുണ്ടെന്ന ലോക്പാല്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതി പരിഗണിക്കാന്‍ അധികാരമുണ്ടെന്ന ലോക്പാല്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ അധികാരമുണ്ടെന്ന ലോക്പാല്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ് ലോക്പാല്‍ ഉത്തരവെന്ന് കോടതി അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഭയ് എസ് ഓഖ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റേതാണ് നടപടി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍, ലോക്പാല്‍ രജിസ്ട്രാര്‍, സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി നല്‍കിയ വ്യക്തി എന്നിവര്‍ക്ക് സൂപ്രീംകോടതി നോട്ടീസ് അയച്ചു.

ആരോപണ വിധേയനായ ജഡ്ജിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പരാതി രഹസ്യമായി സൂക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.കേസ് മാര്‍ച്ച് 18 ന് പരിഗണിക്കാനായി കോടതി മാറ്റി. ഹൈക്കോടതി ജഡ്ജി ഒരിക്കലും 2013 ലെ ലോക്പാല്‍, ലോകായുക്ത നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരായ പരാതി പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ലോക്പാലിന്റെ ഫുള്‍ ബെഞ്ച് ജനുവരിയില്‍ ഉത്തരവ് ഇറക്കിയിരുന്നു. ഹൈക്കോടതി ജഡ്ജിമാര്‍ പൊതു പ്രവര്‍ത്തകര്‍ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ വരുമെന്നും, അതിനാല്‍ 2013 ലോക്പാല്‍, ലോകായുക്ത നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിമാര്‍ക്ക് എതിരായ പരാതികള്‍ പരിഗണിക്കാന്‍ അധികാരം ഉണ്ടെന്നുമായിരുന്നു ലോക്പാല്‍ വിധി. ഹൈക്കോടതി ജഡ്ജി സിവില്‍ കേസില്‍ സ്വകാര്യ വ്യക്തിക്ക് അനുകൂലമായ ഉത്തരവ് ലഭിക്കാന്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയെയും, മറ്റൊരു ഹൈക്കോടതി ജഡ്ജിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി.

 

ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതി പരിഗണിക്കാന്‍ അധികാരമുണ്ടെന്ന
ലോക്പാല്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *