കോഴിക്കോട്: 34 രാജ്യങ്ങളില്‍ 84 ചാപ്റ്ററുകളുള്ള ഫ്രണ്ട്‌സ് ഓഫ് യോഗയുടെ സ്ഥാപകനും ആചാര്യനുമായ ഡോ.കെ.ബി.മാധവന്‍ 22ന് കോഴിക്കോട്ടെത്തും. ഫ്രണ്ട്‌സ് ഓഫ് യോഗയുടെ കാലിക്കറ്റ് ചാപ്റ്ററിന്റെ 18-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം കോഴിക്കോട്ടെത്തുന്നത്. 22ന് കാലത്ത് 7 മണിക്ക് മാനാഞ്ചിറ മൈതാനിയില്‍ നടക്കുന്ന ധ്യാനോത്സവത്തിന് അദ്ദേഹം നേതൃത്വം കൊടുക്കും. തുടര്‍ന്ന് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിക്കും. വൈകിട്ട് 5 മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 35 വര്‍ഷം മുന്‍പ് ദുബായി ആസ്ഥാനമാക്കിയാണ് ഡോ.കെ.ബി.മാധവന്‍ ഫ്രണ്ടസ്് ഓഫ് യോഗ സ്ഥാപിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് യാതൊരുവിധ ഫീസും ഈടാക്കാതെ തീര്‍ത്തും സൗജന്യമായാണ് ഫ്രണ്ട്‌സ് ഓഫ് യോഗയുടെ ട്രെയിനര്‍മാര്‍ ജനങ്ങള്‍ക്ക് യോഗ പരിശീലനം നല്‍കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ ഫ്രണ്ട്‌സ് ഓഫ് യോഗയിലൂടെ ആരോഗ്യ സംരക്ഷണവും മാനസിക ഉല്ലാസവും കരഗതമാക്കുന്നുണ്ട്. എല്ലാ മനുഷ്യരുടെയും ജീവിത ചര്യയായി യോഗയെ മാറ്റുക എന്നതാണ് ഫ്രണ്ടസ്് ഓഫ് യോഗയുടെ ലക്ഷ്യമെന്ന് ഡോ.കെ.ബി.മാധവന്‍ പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. മരുന്നുകള്‍ കുറയ്ക്കുകയോ ഇല്ലാതെ ജീവിക്കുകയോ ചെയ്യുന്നതിനുള്ള ജീവിത ക്രമം രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഫ്രണ്ട്‌സ് ഓഫ് യോഗകൊണ്ട് ഉദ്ദേശിക്കുന്നത്.
സാഹിത്യ നഗരമായ കോഴിക്കോട്ട് യോഗയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. ഫ്രണ്ട്‌സ് ഓഫ് യോഗ കാലിക്കറ്റ് ചാപ്റ്ററിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും ഇതുവഴി ആയിരക്കണക്കിന് പേര്‍ക്ക് യോഗയുടെ ഗുണം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.