കോട്ടയം: കോട്ടയം ഗവ നഴ്‌സിംഗ് കോളേജിലെ ഡിപ്ലോമ വിദ്യാര്‍ഥികള്‍ നടത്തിയ റാഗിംഗ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്താണെന്ന്
ട്രെയ്ന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ടിഎന്‍എഐ). സംസ്ഥാന കമ്മിറ്റി. കോളേജുകളിലെ റാഗിംഗ് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും അത് പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിയാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. ഗവ കോളേജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കണമെന്ന് വിദ്യാര്‍ഥികളും
അധ്യാപക സംഘടനകളും പല വട്ടം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. 47 അദ്ധ്യാപകര്‍ വേണ്ടിടത്ത് 34 അധ്യാപകര്‍ മാത്രമാണ് കോട്ടയം ഗവ കോളേജില്‍ ഉള്ളത്. പത്തു വിദ്യാര്‍ഥികള്‍ക്ക് ഒരു അദ്ധ്യാപകന്‍ എന്ന നഴ്‌സിംഗ് കൗണ്‍സില്‍ മാനദണ്ഡം പാലിക്കപ്പെട്ടിരുന്നുവെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൂടുതല്‍ കൃത്യമായി നടപ്പാക്കാന്‍ ആകുമായിരുന്നു എന്നും കമ്മിറ്റി വിലയിരുത്തി. നഴ്‌സിംഗ് കൗണ്‍സിലും ആരോഗ്യ സര്‍വകലാശാലയും പരിശോധനകള്‍ നടത്തുമ്പോള്‍ അധ്യാപകരെയും ഹോസ്റ്റല്‍ ജീവനക്കാരെയും കൃത്യമായ രീതിയില്‍ നിയമിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നിരിക്കെ ഇത്തരം കുറവുകള്‍ നികത്തപ്പെടുന്നില്ല എന്നത് ആശങ്കജനകമാണ്. കോളേജുകളിലെയും ഹോസ്റ്റലുകളിലെയും സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന പരിശോധന കാര്യക്ഷമമാക്കണം എന്ന് ടിഎന്‍എഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഇനിയും ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നഴ്‌സിംഗ് സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം എന്നും സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു