കോഴിക്കോട്: കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാര സമിതി സംഘടിപ്പിക്കുന്ന ടെലി കോണ്‍ക്ലേവ് -2025, 24ന് കാലത്ത് 10 മണി മുതല്‍ കാലിക്കറ്റ് ടവറില്‍ നടക്കുമെന്ന് ടെലി കോണ്‍ക്ലേവ് ചെയര്‍മാന്‍ വികെസി മമ്മത് കോയയും മൊബൈല്‍ ഫോണ്‍ വ്യാപാര സമിതി സംസഥാന സെക്രട്ടറി സി.വി.ഇക്ബാലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ക്ലേവിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. എം.കെ.രാഘവന്‍ എം.പി മുഖ്യാതിഥിയായിരിക്കും. 500-ഓളം മൊബൈല്‍ ഫോണ്‍ വ്യാപാരികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. നാസിം ബക്കറിന് (ഡയറക്ടര്‍ എം എസ് എം കമ്യൂണിക്കേഷന്‍ ആന്റ് സാല്‍പിഡോ) എമര്‍ജിങ് ബിസ്‌നസ് മാന്‍ 2024 അവാര്‍ഡും, ബെസ്റ്റ് റീട്ടെയ്ല്‍ അവാര്‍ഡ് 2024 സുധാമൃതം കൊയിലാണ്ടിക്കും സമ്മാനിക്കും.
നാല് സെഷനുകളായി നടക്കുന്ന കോണ്‍ക്ലേവില്‍ വിദഗ്ധര്‍ മൊബൈല്‍ മേഖലകളിലെ സാധ്യതകളെ കുറിച്ച് ക്ലാസെടുക്കും. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ ജോലി ചെയ്യുന്ന വലിയൊരു മേഖലയാണ് മൊബൈല്‍ രംഗമെന്ന് വികെസി മമ്മത് കോയ പറഞ്ഞു. വിവര സാങ്കേതിക രംഗത്ത് അനുനിമിഷം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് വ്യവസായം അഭിവൃദ്ധിപ്പെടുത്താനാവശ്യമായ കാര്യങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ കെ.ടി.ഷഹദാബ്, മുഹമ്മദ്, ഷൈജു ചീക്കിലോട്, നിസാര്‍ അഹമ്മദ്, ഫസല്‍ റഹ്‌മാന്‍, അനൂപ് എന്നിവരും പങ്കെടുത്തു.
ടെലി കോണ്‍ക്ലേവ്-2025 24ന്