ശ്രീകണ്ഠേശ്വരക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം: 19ന് കൊടിയേറ്റം

ശ്രീകണ്ഠേശ്വരക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം: 19ന് കൊടിയേറ്റം

കോഴിക്കോട്: കോഴിക്കോട് ശ്രീകണ്ഠേശ്വരക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 19 മുതല്‍ 26 വരെ സവിശേഷമായ പൂജാവിധികളോടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെയും ആഘോഷിക്കും. 19 ബുധനാഴ്ച രാത്രി 7 മണിക്ക് പറവൂര്‍ രാകേഷ് തന്ത്രിയുടെയും കെ.വി. ഷിബു ശാന്തിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ എട്ടുദിവസത്തെ ഉത്സവത്തിന് കൊടിയേറും. കൊടിയേറ്റസമയത്ത് ശ്രീകണ്ഠേശ്വരക്ഷേത്ര ഭജനസമിതിയുടെ ഓംകാരവും ഭജനയും സായിവേദവാഹിനിയുടെയും ക്ഷേത്രയോഗം വേദാന്തപഠനമണ്ഡലത്തിന്റെയും വേദജപവും ഉണ്ടായിരിക്കും. കൊടിയേറ്റസദ്യക്കുശേഷം തൃശ്ശൂര്‍ നൗഷാദ് നയിക്കുന്ന ഗാനമേളയോടെ ഇക്കൊല്ലത്തെ ഉത്സവ-കലാപരിപാടികള്‍ക്ക് തുടക്കം കുറിക്കും.

ഉത്സവദിനങ്ങളില്‍ വിശേഷാല്‍ പൂജകള്‍ക്കുപുറമെ എല്ലാ ദിവസവും രാവിലെ സായിവേദവാഹിനിയുടെ വേദജപവും ക്ഷേത്രയോഗം വനിതാകമ്മിറ്റിയുടെ ശിവസഹസ്രനാമപാരായണവും ഉച്ചക്ക് അന്നദാനവും വൈകുന്നേരങ്ങളില്‍ ഭജനയും വിവിധ പ്രാദേശിക കമ്മിറ്റികളുടെ ആഘോഷവരവും മൂന്ന് ഗജവീരന്‍മാരുടെ അകമ്പടിയോടെ എഴുന്നളളിപ്പും രാത്രി പ്രശസ്ത കലാസംഘങ്ങളുടെ കലാപരിപാടികളും ഉണ്ടാവും. മുഖ്യവേദിയില്‍ പ്രധാന കലാപരിപാടികള്‍ക്കു പുറമെ 300ഓളം പ്രാദേശിക കലാപ്രതിഭകള്‍ എട്ടു ദിവസങ്ങളിലായി അവരുടെ കലാപ്രകടനങ്ങള്‍ നടത്തും. ക്ഷേത്രഭക്തരുടെ വകയായി രാവിലെ ആനയൂട്ടും ഉണ്ടായിരിക്കും.

20ന് രാവിലെ നാരായണീയ പാരായണം, വൈകുന്നേരം ചിന്മയ സ്വരാഞ്ജലിയുടെ ക്ലാസിക്കല്‍ ഭജന, വെസ്റ്റ്ഹില്‍-നടക്കാവ് പ്രാദേശിക കമ്മിറ്റിയുടെ ആഘോഷവരവ്, പ്രാദേശിക കലാപരിപാടികള്‍, വളളുവനാട് ശ്രീകൃഷ്ണനിലയത്തിന്റെ ഫോക് മെഗാഷോ ഞാറ്റുപാട്ട് എന്നിവയാണ് പരിപാടികള്‍. 21ന് രാവിലെ വളയനാട് ഭക്തജനസംരക്ഷണസമിതിയുടെ ദേവീമാഹാത്മ്യപാരായണം, വൈകുന്നേരം പയ്യാനക്കല്‍ ശ്രീപത്മത്തിന്റെ ഭജന, നൃത്തമത്സരം, നടുവട്ടം-പെരച്ചനങ്ങാടി പ്രാദേശിക കമ്മിറ്റിയുടെ ആഘോഷവരവ്, തുടര്‍ന്ന് പ്രാദേശിക കലാപരിപാടികള്‍, നൃത്തനാടകം ചിദംബരനാഥന്‍. ഫിബ്രവരി 22ന് രാവിലെ ഒല്ലൂര്‍ ശിവക്ഷേത്രസമിതിയുടെ നാരായണീയ പാരായണം, ശാസ്ത്രീയസംഗീത-ലളിതഗാനമത്സരങ്ങള്‍, വൈകുന്നേരം തിരുവണ്ണൂര്‍ ശ്രുതിലയത്തിന്റെ ഭജന, നൃത്തമത്സരം, ചാക്യാര്‍കൂത്ത്, പ്രാദേശിക കലാപരിപാടികള്‍, കോട്ടൂളി-നെല്ലിക്കോട് പ്രാദേശിക കമ്മിറ്റിയുടെ ആഘോഷവരവ്, കിഷോര്‍കുമാര്‍ അന്തിക്കാടും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്. 23ന് രാവിലെ പുത്തൂര്‍ ശ്രീ ദുര്‍ഗാദേവിക്ഷേത്ര മാതൃസമിതിയുടെ സൗന്ദര്യലഹരി പാരായണം, ഗുരുദേവകൃതി സംഗീതാത്മകമായി ചൊല്ലല്‍-ദൈവദശകം-കാളീനാടകം മത്സരങ്ങള്‍, വൈകുന്നേരം ഭവപ്രിയ ഭക്തിഗാനസമിതിയുടെ ഭജന, ചാക്യാര്‍ കൂത്ത്,കാരപ്പറമ്പ് പ്രാദേശിക കമ്മിറ്റിയുടെ ആഘോഷവരവ്, പ്രാദേശിക കലാപരിപാടികള്‍, സിനിമാതാരം നിര്‍മല്‍ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോ. 24ന് രാവിലെ ക്ഷേത്രയോഗം ബാലസംഘത്തിന്റെ ഭജന, വൈകുന്നേരം അഴകൊടി രാഗമാലികയുടെ ഭജന, കസബ പ്രാദേശിക കമ്മിറ്റിയുടെ ആഘോഷവരവ്, പ്രാദേശിക കലാപരിപാടികള്‍, പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ ആശാ ശരത്തിന്റെ ക്ലാസിക്കല്‍-സെമി ക്ലാസിക്കല്‍ ഡാന്‍സ്.

25ന് രാവിലെ വളയനാട് ഭക്തജന സംരക്ഷണസമിതിയുടെ നാരായണീയ പാരായണം, വൈകുന്നേരം നാല് മണിക്ക് ക്ഷേത്രക്കുളത്തില്‍ തെപ്പോത്സവം, പാലക്കാട് പല്ലശ്ശന ബാലസുബ്രഹ്‌മണ്യത്തിന്റെ നാദസ്വരകച്ചേരിയോടെ പകല്‍പ്പൂരം, ഗിന്നസ് റിക്കോര്‍ഡ് ജേതാവ് ഡോ. ശുകപുരം ദിലീപിന്റെ നേതൃത്വത്തില്‍ 101 വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളം,ബാലുശ്ശേരികോട്ട പഞ്ചവാദ്യസംഘത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടെ എഴുന്നളളിപ്പ്, സുനില്‍കുമാര്‍, സിന്ധു പ്രേംകുമാര്‍, ലതികടീച്ചര്‍ എന്നിവരുടെ ഗാനമേള.

26ന് മഹാശിവരാത്രി ദിവസം രാവിലെ ഗാന്ധിറോഡ് ശ്രീ ദുര്‍ഗ്ഗാദേവീ ക്ഷേത്രത്തിന്റെ നാരായണീയപാരായണം, വൈകുന്നേരം 4 മണിക്ക് ശിവസഹസ്രനാമാര്‍ച്ചന, നവതരംഗ് സംഗീതവിദ്യാലയത്തിന്റെ ഭജന, ക്ഷേത്രയോഗം വനിതാവിഭാഗത്തിന്റെ അക്ഷരശ്ലോക സദസ്സ്, നടക്കാവ് കൃഷ്ണകൃപയുടെ ഭജന, പ്രാദേശിക കലാപരിപാടികള്‍, എട്ടു മണിക്ക് സമാപന സമ്മേളനം, സമ്മാനദാനം, ആറാട്ട് കഴിഞ്ഞ് എഴുന്നളളിപ്പോടുകൂടി കൊടിയിറക്കല്‍, തുടര്‍ന്ന് സ്റ്റാര്‍സിംഗര്‍ വിന്നേഴ്സിന്റെ മെഗാ ഗാനമേള തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

 

ശ്രീകണ്ഠേശ്വരക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം: 19ന് കൊടിയേറ്റം

Share

Leave a Reply

Your email address will not be published. Required fields are marked *