കോഴിക്കോട്: 84 രാജ്യങ്ങളില്‍ ചാപ്റ്ററുകളുള്ള ഫ്രണ്ട്‌സ് ഓഫ് യോഗയുടെ കോഴിക്കോട് ചാപ്റ്ററിന്റെ 18-ാം വാര്‍ഷികം 22ന് കോഴിക്കോട്ട് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഫ്രണ്ട്‌സ് ഓഫ് യോഗ ആള്‍ ഇന്ത്യാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ടി.പി.രാജന്‍ പറഞ്ഞു. 22ന് കാലത്ത് 7 മണിക്ക് മാനാഞ്ചിറ മൈതാനിയില്‍ നടക്കുന്ന ധ്യാനോത്സവം അഹമ്മദ് ദേവര്‍ കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ധ്യാനോത്സവത്തില്‍ ഫ്രണ്ട്‌സ് ഓഫ് യോഗ അംഗങ്ങളും പൊതുജനങ്ങളുമടക്കം നൂറ് കണക്കിനാളുകള്‍ പങ്കെടുക്കും. വൈകിട്ട് ഇന്‍ഡോര്‍ സ്‌റ്റേഡിയം ഹാളില്‍ നടക്കുന്ന 18-ാം വാര്‍ഷികാഘോഷം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഫ്രണ്ട്‌സ് ഓഫ് യോഗ ആഗോളാചാര്യന്‍ കെ.ബി.മാധവന്‍ വിശിഷ്ടാതിഥിയായി സംബന്ധിക്കും. കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് സൗജന്യമായി യോഗാ പരിശീലനം നല്‍കിയതെന്ന് ടി.പി.രാജന്‍ ചൂണ്ടിക്കാട്ടി. നൂറിലധികം ട്രെയിനര്‍മാരാണ് നഗരത്തിനകത്തും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും യോഗ പരിശീലനം നല്‍കുന്നത്. വ്യക്തികളുടെ നിത്യ ജീവിത്തതിന്റെ ഭാഗമായി യോഗയെ മാറ്റുകയും യോഗയിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ അഭിവൃദ്ധി ജനങ്ങള്‍ക്ക് കഴിഞ്ഞ 18 വര്‍ഷക്കാലമായി നല്‍കാനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോടിനെ സാഹിത്യ നഗരമായി യുനസ്‌കോ തിരഞ്ഞെടുത്ത പശ്ചാത്തലത്തില്‍ യോഗയുടെ വലിയ പാരമ്പര്യമുള്ള കോഴിക്കോടിനെ യോഗാ നഗരമായി പ്രഖ്യാപിക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് യോഗ ആവശ്യപ്പെടുകയാണ്. ഇക്കാര്യം നേടിയെടുക്കുന്നതിനുവേണ്ടി കോഴിക്കോട്ടെ യോഗയുടെ പാരമ്പര്യം സമഗ്രമായി പ്രതിപാദിച്ച് യുനസ്‌കോയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വളര്‍ന്നു വരുന്ന ടൂറിസത്തെയും യോഗയെയും ആയുര്‍വ്വേദത്തെയും ലോകമെങ്ങും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോടിനെ യോഗാ നഗരമാക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ടി.പി.രാജന്‍, ഷീജ രാജന്‍, ടി.ടി.ഉമ്മര്‍, കെ.കെ.ബാലന്‍, ഇ.ആര്‍. സരിത, രൂപാ രാജന്‍ പങ്കെടുത്തു.