രണ്ടാം തവണ അമേരിക്കന്‍ പ്രസിഡണ്ടായി സഥാനമേറ്റ ഉടനെ ഡോണാള്‍ഡ് ട്രംപ് എടുത്ത പല തീരുമാനങ്ങളും അന്തര്‍ ദേശീയ തലത്തില്‍ വലിയ വാര്‍ത്തകളായിട്ടുണ്ട്. ലോകം വ്യാപാരയുദ്ധത്തിലേക്കടക്കം കടക്കാന്‍ സാധ്യതയുള്ള പ്രഖ്യാപനങ്ങളാണ് ട്രംപ് നടത്തിയത്. കഴിഞ്ഞ 15 മാസക്കാലമായി നടന്ന ഇസ്രയേല്‍-ഹമാസ് യുദ്ധം വലിയ മാധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജനുവരി 19ന് താല്‍ക്കാലിക വെടി നിര്‍ത്തല്‍ കരാറായത്. കരാര്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇസ്രയേലും, ഹമാസും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. അത്തരം വിഷയങ്ങള്‍ ഒരു വഴിക്ക് നടക്കുമ്പോഴാണ്, തന്നെ സന്ദര്‍ശിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹിവുമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗസ വലിയ റിയല്‍ എസ്റ്റേറ്റാണെന്നും, അവിടെ താമസിക്കുന്ന ഇരുപത് ലക്ഷത്തോളം പേരെ ഒഴിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തിന് ചെക്ക് പറഞ്ഞ് അറബ് ലീഗും രംഗത്ത് വന്നതോടെ ഇക്കാര്യത്തില്‍ എന്ത് സംഭവിക്കുമെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ മാസം 27ന് റിയാദില്‍ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും, ഗസയുടെ പുനര്‍ നിര്‍മ്മാണവും, ഭാവി ഭരണവും സംബന്ധിച്ച് ധാരണയുണ്ടാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. യുഎഇ, ഈജിപ്ത്, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കുന്നത്. ഗസയില്‍ നിന്ന് ജനങ്ങളെ പുറത്താക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശവും അറബ് ലീഗ് അംഗീകരിക്കാനിടയില്ല. ഗസയുടെ പുനര്‍നിര്‍മ്മാണത്തിന് ഈജിപ്താണ് കരട് പദ്ധതി തയ്യാറാക്കുന്നത്. ഗസയുടെ തുടര്‍ഭരണം ദേശീയ ഫലസ്തീന്‍ കമ്മിറ്റിക്ക് നല്‍കണമെന്നാണ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. ഹമാസ് ഈ നിര്‍ദ്ദേശം സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, അവരുടെ പ്രതിനിധികള്‍ ഈ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മറ്റൊരു കീറാമുട്ടിയാവും.
ഹമാസിനെ ഉള്‍പ്പെടുത്തിയുള്ള ഭരണ സംവിധാനത്തിന് ഇസ്രയേലും, ട്രംപും എതിരാണ്. ഗസ പ്രശ്‌ന പരിഹാരത്തിന് മറ്റെന്താണ് വഴിയെന്ന യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുടെ ചേദ്യത്തിന് അറബ് രാജ്യങ്ങള്‍ നല്‍കിയ മറുപടി അമേരിക്കയും ഇസ്രയേലും അംഗീകരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.